കാസര്‍കോട്: ബേള, മുണ്ടോട്ടെ സമാന്തര ബാറില്‍ എക്സൈസ് റെയ്ഡ്. 26 കുപ്പി ഗോവന്‍ മദ്യവും മദ്യവില്‍പ്പന വഴി ലഭിച്ച 45,820 രൂപയുമായി യുവാവ് അറസ്റ്റില്‍. മാതാവിന്റെ പേരിലും കേസെടുത്തു. ഐബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. ബേള, മുണ്ടോട്ടെ സുജിത്ത് കുമാര്‍ (21) ആണ് അറസ്റ്റിലായത്. മാതാവ് ഭാഗീരഥിക്കെതിരെ കേസെടുത്തതായും എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് ചാക്കിലാക്കി വീടിന്റെ വരാന്തയില്‍ സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സി.ഇ.ഒമാരായ പി. രാജേഷ്, മുരളീധരന്‍, ശ്യാംജിത്, ടി. ഫസീല, ഡ്രൈവര്‍ എം.പി സുമോദ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
