പാര്‍ട്ടി ജയിച്ചു; അതാണ് പാര്‍ട്ടി

(ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മാവിഷ്‌കാരം)

വഴിപോക്കന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ തെളിഞ്ഞു നില്‍ക്കുന്നത്. ചെളിക്കുണ്ടില്‍ നിന്നും ഊര്‍ന്നു വരുന്ന തെളിനീര്‍ പോലെ അതിന് പ്രത്യേകമായ വിശുദ്ധി കൈവന്നിരിക്കുന്നു. ഫാസിസ്റ്റ് രീതികളെയും ജനാധിപത്യ വിരുദ്ധതകളെയും അത് പാടേ നിരാകരിച്ചിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വളരെ ആഴത്തില്‍ പരിശോധിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും വേണം. സാമൂഹിക-രാഷ്ട്രീയ വിശകലനത്തില്‍ ഇത്രമേല്‍ അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തൊന്നും ഉണ്ടായിരുന്നില്ല. ഇരുപതില്‍ ഇരുപതും ജയിക്കാന്‍ കഴിയേണ്ടിയിരുന്ന സന്ദര്‍ഭം. എന്നിട്ടും എട്ടു നിലയില്‍ പൊട്ടി എന്നത് കേവലയുക്തികള്‍ക്കപ്പുറം പ്രത്യേകം ഇഴ കീറി പരിശോധനക്ക് വിധേയമാക്കാത്ത പക്ഷം ഇടതുപക്ഷ മനസ്സുകള്‍ക്കേറ്റ ആഴത്തിലുള്ള മുറിവ് എളുപ്പമുണക്കിയെടുക്കാനാവില്ല. സത്യസന്ധമായ നിലപാടുകള്‍ കൊണ്ട് തിരുത്തലുകളുണ്ടാകാതെ പോയാല്‍ നിവര്‍ന്നുനില്‍ക്കാനാവാത്തവിധം പടുകുഴിയുടെ ആഴങ്ങളിലേക്ക് പൂഴ്ത്തപ്പെടും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. കയ്യൂരും കരിവെള്ളൂരും ഉള്‍പ്പെടുന്ന സമരഭൂമിക ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭൂമിയാണ്. രക്തസാക്ഷികളുടെ ചുടുചോര കൊണ്ട് ആകാശവും ഭൂമിയും ചുവപ്പിച്ച ദേശപ്പെരുമ. ഇവിടെ നിന്നാണ് കാലിന്നടിയിലെ മണ്ണ് കുത്തനെ ഒലിച്ചു പോയത്. ഇവിടുത്തെ വോട്ടുപെട്ടികള്‍ തുറക്കുമ്പോള്‍ ആയിരത്തില്‍ പത്തോ ഇരുപതോ വോട്ടുകള്‍ മാത്രം കിട്ടുന്നിടത്ത് ഇപ്രാവശ്യം കോണ്‍ഗ്രസിനും അതേപോലെ ബിജെപിക്കുമായി കിട്ടിയത് ഇരുപത് മുതല്‍ ഇരുപത്തഞ്ച് ശതമാനം വരെ വോട്ടുകളാണെന്ന് കാണുമ്പോള്‍ ഇതിനെ കേവല വിശദീകരണങ്ങള്‍ കൊണ്ട് തീര്‍പ്പുകല്‍പിക്കുവാനാവില്ല. ഇതൊരു ഭരണ വിരുദ്ധ വികാരമോ പെട്ടെന്നുള്ള ക്ഷോഭ പ്രതികരണങ്ങളോ അല്ല. പാര്‍ട്ടിയിലെ ലോക്കല്‍ കമ്മിറ്റികള്‍ മുതല്‍ തുടരുന്ന സമഗ്രാധിപത്യത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള സാമാന്യജനത്തിന്റെ ചെറുത്തുനില്‍പ്പിന്റെ തുടക്കമാണ്. എല്ലാം ഞങ്ങള്‍ തീരുമാനിക്കും നിങ്ങള്‍ അനുസരിച്ചാല്‍ മതി അല്ലാത്ത പക്ഷം നിങ്ങളുടെ തറവാട് കുളം തോണ്ടും എന്ന നിലപാടിന്റെ മുഖത്തേറ്റ അടി. നാട്ടിന്‍പുറത്തെ വായനശാലയായാലും ക്ലബ്ബായാലും അയല്‍കൂട്ടമായാലും പാടശേഖര കമ്മിറ്റിയായാലും എന്തു യോഗ്യനായാലും തങ്ങള്‍ക്ക് അപ്രിയരായവരൊന്നും അതിന്റെ നാലയലത്ത് ഉണ്ടാവാന്‍ പാടില്ലെന്ന് ഇവര്‍ നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. എല്ലാ കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകി വെക്കുന്നു. എന്തെങ്കിലും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവന്‍ എന്നും പടിക്ക് പുറത്തു തന്നെ. എന്തിനും ഏതിനും ഇവന്മാരുടെ ശുപാര്‍ശ വേണം. ആളും അര്‍ത്ഥവുമുണ്ടെങ്കില്‍ എന്തും നേടിയെടുക്കാനാവുന്ന കാലം. ഇതിനെതിരെ പാര്‍ട്ടി അണികളിലുണ്ടായ ഒരു തരം പ്രതികാര മനോഭാവം അവര്‍ നിശബ്ദരായി പ്രതികരിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായത്. വോട്ടെടുപ്പ് ദിവസം രാവിലെ കേരളത്തിലെ ടി വി കളില്‍ പ്രധാന വാര്‍ത്ത കേരളത്തിലെ സമര മുന്നണിയുടെ കണ്‍വീനര്‍ കേന്ദ്ര ഭരണക്ഷിയുടെ നേതാവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചായിരുന്നു. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയോടെ ഇത്തരക്കാര്‍ ഇപ്പോഴും ആ സ്ഥാനത്ത് വാഴുന്നു എന്നുള്ളത് പ്രസ്ഥാനം എത്തപ്പെട്ട ദയനീയ അവസ്ഥയുടെ സൂചന മാത്രം. 300 കോടിയിലധികം കട്ടുമുടിച്ച കരുവന്നൂര്‍ ബാങ്കിന്റെ തകര്‍ച്ച തങ്ങളാരുമറിയില്ലെന്ന നേതൃത്വത്തിന്റെ വെളിപാട് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങളെക്കാലും വലിയ മണ്ടന്മാര്‍ മറ്റെവിടെയും ഉണ്ടാവില്ല. ക്ഷേമ പെന്‍ഷന്‍ പോലും കിട്ടാതെ വയറു മുറുക്കി ഉടുത്ത് പെടാപ്പാടുപെടുന്നവന്റെ മുമ്പിലേക്കാണ് തൃശൂരിലെ പാര്‍ട്ടിയുടെ എട്ടുകോടി രൂപ ആദായ നികുതി വകുപ്പുകാര്‍ മരവിപ്പിച്ച വാര്‍ത്ത എത്തുന്നത്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും കൈയിട്ടു വാരിയ എത്ര കോടികള്‍ കാണും മറ്റു കമ്മിറ്റികളുടെ കണക്കുകള്‍ കൂടി പരിശോധിക്കപ്പെടുമ്പോള്‍.
കാടകത്തെ കാര്‍ഷിക സംഘത്തില്‍ നാലരക്കോടിയുടെ തട്ടിപ്പ്. പല പ്രാദേശിക സഹകരണ സംഘങ്ങളിലും കോടികളുടെ വഴിവിട്ട ഇടപാടുകളുണ്ടെന്നാണ് അറിയുന്നത്. തീരെ അപര്യാപ്തമായ സഹകരണ ഓഡിറ്റിംഗ് സമ്പ്രദായം സമൂലം മാറ്റിയെഴുതി പൊതുപണം കട്ടു തിന്നുന്നവരെ ഇരുമ്പഴിയിലാക്കേണ്ടിയിരിക്കുന്നു. ചുറ്റുമുള്ള സാധാരണക്കാര്‍ക്ക് പാര്‍ട്ടി അപ്രാപ്യമാവുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനങ്ങള്‍ അസാധ്യമാവുന്നു. കീഴ്കമ്മിറ്റികള്‍ മുതല്‍ മേലോട്ട് സ്വന്തക്കാരായ ആളുകളെ അവരോധിച്ച് ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളെയും വെച്ചു പൊറുപ്പിക്കാത്ത അവസ്ഥ സംജാതമാക്കിയിരിക്കുന്നു. എ.കെ.ജിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി സെക്രട്ടറി തോറ്റത് ലക്ഷത്തിലധികം വോട്ടിന്. കയ്യൂരും കരിവെള്ളൂരുമെല്ലാമടങ്ങുന്ന നമ്പൂതിരിപ്പാടും നായനാരുമെല്ലാം പ്രതിനിധീകരിച്ച സ്വന്തം തട്ടകമായ തൃക്കരിപ്പൂരില്‍ ജില്ലാ സെക്രട്ടറി പിറകില്‍പ്പോയത് പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് എന്നത് കണ്ണു തുറന്നു കാണണം. പാര്‍ട്ടിക്കാരെല്ലാം പിണറായിയാകാന്‍ ശ്രമിക്കുന്നു. പിണറായിയാകട്ടെ ചക്രവര്‍ത്തിയുടെ ഭാവത്തിലും. മൈക്ക് സെറ്റു കാരോട് മേക്കിട്ടു കയറിയും മൈക്ക് സ്റ്റാന്റ് വളച്ചൊടിക്കുമ്പോഴുമൊക്കെ നടന്നു വന്ന വഴികളെ കുറിച്ച് ഇയാളോര്‍ക്കണമായിരുന്നു. ചക്കിക്കൊത്ത ചങ്കരനെപ്പോലെ ഒരു പാര്‍ട്ടി സെക്രട്ടറി. ആരോ അറിയാതെ വിശേഷിപ്പിച്ച സൈദ്ധാന്തികന്‍ എന്ന പട്ടം ധരിച്ചു വശായ ഡ്രില്ല് മാഷ് ഒരു ഡമ്മി മാത്രമായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞ നാളുകളിലൂടെയാണ് നാം നടന്നു നീങ്ങുന്നത്. തിരുത്താന്‍ സമയമുണ്ട്. ഇന്നവര്‍ നിശബ്ദ്ദമായി പ്രതികരിച്ചു. നാളെ അങ്ങനെയാവില്ല. ഇല്ലാത്തവന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും വിറ്റു കാശാക്കാന്‍ നിങ്ങളെ കാലം അനുവദിക്കുകയില്ല തീര്‍ച്ച.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page