കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും അറിയപ്പെടുന്ന ക്രിക്കറ്റ് താരവുമായ മഞ്ചുനാഥ നായകി(24)ന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹതകള്‍ പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം നായ്ക്കാപ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് മഞ്ചുനാഥിനെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് ഒരു സംഘം ആള്‍ക്കാര്‍ മഞ്ചുനാഥിനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചതായി പറയുന്നുണ്ടെന്നും അവിടെ നിന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരാണ്, എന്തിനാണ് മര്‍ദ്ദിച്ചതെന്ന് കണ്ടെത്തണം. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതിനു ശേഷം 11.30 മണിയോടെ ഫോണ്‍ വന്നു. ഫോണില്‍ സംസാരിച്ചു കൊണ്ടാണ് മഞ്ചുനാഥ വീടിന് പുറത്തിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ആരാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തണം. ഫോണില്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണോ മഞ്ചുനാഥ മരത്തില്‍ ജീവനൊടുക്കിയതെന്നു അന്വേഷിക്കണം. ഇതിനായി വിശദമായ അന്വേഷണം വേണം-ബന്ധുക്കള്‍ പറഞ്ഞു. മഞ്ജുനാഥിന്റെ മരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.