ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

കെ. ബാലചന്ദ്രന്‍

അടുത്ത മന്ത്രത്തില്‍ പണ്മീകരണത്തിന് സമാനമായ ത്രിമൃത്‌വത്കരണത്തെ കുറിച്ചാണ് ഗുരു പറയുന്നത്.
മന്ത്രം: താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി, സേയം ദേവതേമാസ്ത്രിസ്യോ ദേവതാ: അനേഹൈവ
ജീവേനാത്മാനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്.
സാരം: അവയില്‍ ഓരോന്നിനെയും മുക്കൂട്ടുള്ളതായി ചെയ്യാം എന്ന് സങ്കല്‍പ്പിച്ച് ആ ഈ ദേവത ഈ മൂന്ന് ദേവതകളെ ജീവാത്മഭാവത്തില്‍ അനുപ്രവേശിച്ച് നാമരൂപങ്ങളെ വ്യാകൃതങ്ങളാക്കി ചെയ്തു.
ആദിയില്‍ സൃഷ്ടി ചെയ്യാനിച്ഛിച്ച പരമാത്മാവ് സ്വയം സൂക്ഷ്മപഞ്ച തന്മാത്രകളായിത്തീര്‍ന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ഭാവം. അവയെ തന്മാത്രകള്‍-തത്മാത്രം ആയവ, അഥവാ കലര്‍പ്പില്ലാത്തവ-എന്നാണ് അറിയപ്പെടുന്നത്. അത് അവ്യാകൃതമായ അവസ്ഥയിലായിരുന്നു. അതായത് വ്യക്തമല്ലാത്ത അവസ്ഥ. പഞ്ചീകരണ പ്രക്രിയയിലൂടെയാണ് പിന്നീട് വ്യാകൃതമായിത്തീര്‍ന്നത്. പൂജ്യഗുരുദേവ് സ്വാമി ചിന്മയാനന്ദജി ഈ പഞ്ചീകരണ പ്രക്രിയയെ ‘Pentameral self division and mutual Combination’ എന്ന് വളരെ മനോഹരമായി നിര്‍വചിച്ചിട്ടുണ്ട്. ആദ്യമായി ഈ പഞ്ചഭൂത തന്മാത്രകള്‍ സ്വയം രണ്ടായി വിഭജിച്ചു. ഇതില്‍ ആദ്യപകുതി തന്മാത്രയായി, അതായത് കലര്‍പ്പില്ലാതെ നിലനിന്നു. രണ്ടാമത്തെ പകുതി വീണ്ടും സ്വയം അഞ്ചു ഭാഗങ്ങളായി പിരിഞ്ഞു. ഈ അഞ്ചില്‍ നാലു ഭാഗത്തില്‍ ഓരോന്നും മറ്റു നാലെണ്ണവുമായി കൂടി ചേര്‍ന്നു. ഇങ്ങനെയാണ് സ്ഥൂലമായ ദൃശ്യ പ്രപഞ്ചം നാനാത്വമായി വ്യാകൃതമായ പഞ്ചീകരണം സംഭവിച്ചതെന്നാണ് വേദാന്ത ശാസ്ത്രം ഉദ്‌ഘോഷിക്കുന്നത്. ഈ പഞ്ചീകരണ പ്രക്രിയയാണ് ത്രിവൃത്‌വല്‍ക്കരണമായി അരുണ പുത്രനായ അരുണി എന്ന ഉദ്ദാലക ഋഷി പുത്രനും ശിഷ്യനുമായ ശ്വേത കേതുവിനോട് പറയുന്നത്. ഇങ്ങനെ ത്രിവൃത്കരണത്തിലൂടെ നാമരൂപാത്മകമായ സ്ഥൂല പ്രപഞ്ചത്തില്‍ ജീവാത്മഭാവത്തില്‍ പരമാത്മാവ് അനുപ്രവേശിച്ചാണ് ഇക്കാണുന്ന പ്രപഞ്ച പ്രതിഭാസങ്ങള്‍ വ്യാകൃതങ്ങളായതെന്നാണ് ചുരുക്കം. ഇങ്ങനെ അഗ്‌നി, ജലം, ഭൂമി(അന്നം) എന്നീ ദേവതകളെ എങ്ങനെ മുക്കൂട്ടുള്ള മിശ്രിതമാക്കി മാറ്റി എന്നതിനെക്കുറിച്ച് പറഞ്ഞുതരാം എന്നു പറഞ്ഞുകൊണ്ട് മൂന്നാം ഖണ്ഡം അവസാനിക്കുന്നു.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page