വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത; വിവാഹത്തിന് സർക്കാർ വക ഡേറ്റിങ് ആപ്പ് ഒരുങ്ങുന്നു; നിബന്ധനകൾ ഇതാണ്

അനുയോജ്യമായ വധുവിനെ ലഭിക്കാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പുരുഷന്മാരെ രക്ഷിക്കാൻ സർക്കാർ തന്നെ ഒരു വിവാഹ ഡേറ്റിംഗ് ആപ്പ് തുടങ്ങാൻ പോവുകയാണ്. പക്ഷേ ഇത് ഇന്ത്യയിൽ അല്ല, ജപ്പാനിൽ. ജപ്പാനിൽ ജനസംഖ്യ വർദ്ധനവ് കുറഞ്ഞതിനെ തുടർന്നാണ് വിവാഹം കഴിക്കാത്തവരെ കെട്ടിക്കാൻ പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പത്തിന് ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഒരു ഭരണകൂടം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ഇത് ചരിത്രത്തിലാദ്യമാകും. രാജ്യത്തെ ജനനനിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമവുമായി ടോക്യോ മെട്രോ പൊളിറ്റൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷ അവസാനം ആപ്പുകൾ ഒരുക്കാനാണ് പദ്ധതിയിടുന്നത്.
ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. പണം നല്കി മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നൽകണം. ഉപഭോക്താവിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും നൽകണമെന്ന നിബന്ധനയുണ്ട്. ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ഒരു അഭിമുഖവും ഉണ്ടാവും.
രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പങ്കാളിയിൽ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് തന്നെ നിർദേശിക്കും. ജനങ്ങൾ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജപ്പാന്റെ ഈ നീക്കത്തെ പ്രശംസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനനിരക്കിനേക്കാൾ ഇരട്ടി മരണ നിരക്കായിരുന്നു ജപ്പാനിൽ രേഖപ്പെടുത്തിയത്. തുടർച്ചയായ എട്ടാം വർഷവും 758,631 ആയി ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. 5.1 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. മരണസംഖ്യ 1,590,503 ആയി. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ജപ്പാനിലെ ജനങ്ങൾ വിവാഹം കഴിക്കാൻ മടിക്കുന്നതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page