കാസർകോട്: ചാലിങ്കാൽ ബസ് അപകടത്തിൽ പെട്ട് കാണാതായ മൊബൈൽ ഫോൺ മോഷ്ടാക്കൾ കൈമാറി കൈമാറി എത്തിച്ചേർന്നത് പഞ്ചാബിൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നഷ്ടപ്പെട്ട ഫോൺ കണ്ടെടുത്തു. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ മൊബൈൽ ഫോൺ ആണ് കഴിഞ്ഞ മാർച്ച് 18 നടന്ന ബസ് അപകടത്തിനിടെ നഷ്ടപ്പെട്ടത്. അപകടത്തിൽ നിരവധി ആളുകൾ പരിക്കേൽക്കുകയും ഡ്രൈവർ മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിലെ യാത്രക്കാരിയായിരുന്നു സന. മൊബൈൽ നഷ്ടപ്പെട്ടതിനെ തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ കെ വി ഉമേശന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷണം പോയതായി കണ്ടെത്തി. പല ആളുകൾക്ക് കൈമാറി ഒടുവിൽ എത്തിച്ചേർന്നത് പഞ്ചാബിലായിരുന്നു. അവിടെനിന്ന് കണ്ടെടുത്ത മൊബൈൽ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ വച്ച് സനയ്ക്ക് കൈമാറി.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ വി ഉമേശൻ, ഉദ്യോഗസ്ഥരായ മഹേന്ദ്രൻ കെ.വി സുമേഷ് കുമാർ, അബ്ദുൾ സുബൈർ, ഷിബു കെ.വി, സുമേഷ് കുമാർ, ഹോം ഗാർഡ് ഗോപിനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഓൺലൈനുമായി ബന്ധപെട്ട പരാതികൾ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു.
