സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയ മാനനഷ്ടക്കേസ്;സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയില്‍ ഹാജരായി

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോടതിയിലെത്തിയ സ്വപ്ന ജാമ്യമെടുത്തു മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് സ്വപ്ന സുരേഷ് പിന്‍മാറണമെന്നും അതിന് 30 ലക്ഷം രൂപ നല്‍കാമെന്നും പിന്‍മാറിയില്ലെങ്കില്‍ കൊന്ന് കളയുമെന്നും എം.വി ഗോവിന്ദനുവേണ്ടി കടമ്പേരി സ്വദേശിയായ വ്യവസായി വിജേഷ് പിള്ള ദൂതനായെത്തി തന്നോട് പറഞ്ഞുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ബംഗളൂരുവിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലാണ് വിജേഷ് പിള്ള തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. സ്വപ്ന സുരേഷും വിജേഷ് പിള്ളയും സംസാരിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് എം.വി ഗോവിന്ദന്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. ഈ കേസില്‍ എം.വി ഗോവിന്ദന്റെയും രണ്ട് സാക്ഷികളുടെയും മൊഴിയെടുത്ത ശേഷമാണ് പരാതി കോടതി ഫയലില്‍ സ്വീകരിച്ചത്. കേസില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതി സമന്‍സ് അയച്ചിരുന്നു. വിജേഷ് പിള്ള കോടതിയില്‍ ഹാജരായെങ്കിലും സ്വപ്ന സുരേഷ് ഹാജരായിരുന്നില്ല. അതേ സമയം സ്വപ്നയുടെ ആരോപണം വിജേഷ് പിള്ള നിഷേധിക്കുകയും ചെയ്തിരുന്നു. സ്വപ്നയുടെ ജീവിതം ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് ബംഗളൂരുവിലെ ഹോട്ടലിലെ ചര്‍ച്ച നടന്നതെന്നാണ് വിജേഷ് പിള്ള പറഞ്ഞത്. അഭിഭാഷകരായ കൃഷ്ണരാജ്, ഷീമ എന്നിവരാണ് സ്വപ്നക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

You cannot copy content of this page