ബൈക്കപകടത്തില്‍ പരിക്കേറ്റ് കിടന്നത് പുലരും വരെ; യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഹെല്‍മെറ്റുണ്ടായിട്ടും തലയ്ക്ക് ഗുരുതര പരിക്ക്

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നാരോപണം. കോട്ടയം ഇത്തിത്താനം പീച്ചങ്കേരി സ്വദേശി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജാണ് (30) മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടതോടെയാണ് നടക്കാനിറങ്ങിയവര്‍ പരിശോധന നടത്തിയത്. ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു വിഷ്ണുരാജിന്റെ മൃതദേഹം. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒ ആയിരുന്നു യുവാവ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഈസ്റ്റ് പൊലീസ് അറിയിച്ചു. അതേസമയം പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നു. മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഭാര്യ: അര്‍ച്ചന ചെങ്ങളം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page