കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഒരു സംഘം അക്രമം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നു. ചൊവ്വാഴ്ച രാത്രി യുഡിഎഫ് വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്ബിനടുത്ത് ഏര്‍പ്പെടുത്തിയ വിജയാഹ്‌ളാദത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘം വിരട്ടിയോടിച്ചു. പടക്കങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയുണ്ട്. വെള്ളിക്കോത്ത് ഓട്ടോസ്റ്റാന്റിനടുത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ട ‘സംഘി നിരോധിത മേഖല’ എന്ന ബോര്‍ഡും അക്രമമുണ്ടാകുന്നതിന് ആസൂത്രണം ചെയ്ത് സ്ഥാപിച്ചതാണെന്ന് ആക്ഷേപമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ വെള്ളിക്കോത്തെ 20, 21, 22 ബൂത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വലിയ തോതില്‍ വോട്ട് വര്‍ധിച്ചതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായിട്ടുള്ളത്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കു വന്‍ തോതില്‍ വോട്ടു കുറയുകയും ബിജെപിക്ക് വന്‍തോതില്‍ വോട്ട് വര്‍ധിക്കുകയും ചെയ്തതിന് പിന്നില്‍ സിപിഎം കരങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ രൂപപ്പെട്ട സംഘി ബ്രിഗേഡിനെയും പാര്‍ട്ടിയിലെ സംഘപരിവാര്‍ അനുകൂലികളെയും ഭയപ്പെടുത്തി ഒതുക്കി നിര്‍ത്താനുള്ള മനശാസ്ത്രസമീപനമാണ് അക്രമങ്ങളുടെ പശ്ചാത്തലമെന്ന് സിപിഎമ്മിനുള്ളിലും ചര്‍ച്ചയായിട്ടുണ്ടെന്നു സംസാരമുണ്ട്. വര്‍ഷങ്ങളായി സിപിഎമ്മിനും പോഷക സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത പ്രദേശമാണിതെന്നും അത് കൊണ്ട് തന്നെ ഇപ്പോഴുണ്ടായിട്ടുള്ള നീക്കങ്ങളില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.