ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം: സി പി എമ്മിനു താക്കീത്; സി പി ഐ പുനര്‍ വിചിന്തനത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികളായ സി പി എമ്മിനു താക്കീതാവുമ്പോള്‍ സി പി ഐ ഭാവിയെക്കുറിച്ചുള്ള പുനര്‍ വിചിന്തനത്തിനു നിര്‍ബന്ധിതമാവുന്നു. ഇരുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കു തിരഞ്ഞെടുപ്പിലേറ്റ ആഘാതം പാര്‍ട്ടികളുടെയും ഭരണത്തിന്റെയും അണികളുടെയും സമീപനത്തിന്റെ ആകെത്തുകയായാണ് രണ്ടു പാര്‍ട്ടികളുടെയും അനുഭാവികള്‍ വിലയിരുത്തുന്നത്. കടുത്ത മത്സരം നടന്ന തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലും വിജയം സുനിശ്ചിതമാക്കിയിരുന്ന മാവേലിക്കരയിലും സി പി ഐക്കുണ്ടായ പരാജയം പാര്‍ട്ടിയും അണികളും വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. വയനാട്ടില്‍ പരാജയം മുന്നില്‍ക്കണ്ടു കൊണ്ടു ശക്തയായ നേതാവിനെ മത്സരരംഗത്തിറക്കിയ ആര്‍ജവം സി പി ഐക്കു വലിയ അംഗീകാരമായിരുന്നു. രാജ്യത്ത് ദേശീയ ബദലിനു ശക്തി പകരാന്‍ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്ന സമീപനമാണ് ത്യാഗങ്ങള്‍ സഹിച്ചു സി പി ഐയെ ഇടതു മുന്നണിയില്‍ ഇത്ര കാലവും നിലനിറുത്തിയിരുന്നത്. എന്നാല്‍ അതുകൊണ്ട് ഇടതു മുന്നണിക്കു ദുര്‍ബലമാകാനേ കഴിയുന്നുള്ളൂവെന്ന യാഥാര്‍ത്ഥ്യം അണികളെ അസ്വസ്ഥരാക്കുകയാണ്. ദേശീയ തലത്തില്‍ ബദല്‍ ശക്തിയാകേണ്ട ഇന്ത്യ സഖ്യത്തിനു നേതൃത്വം നല്‍കേണ്ടതു കോണ്‍ഗ്രസാണെന്നു കമ്മ്യൂണിസ്റ്റുകള്‍ അറിയുന്നുണ്ട്. ദേശീയ തലത്തില്‍ അത്തരമൊരു സഖ്യം രൂപപ്പെട്ടുവരുമ്പോള്‍ പ്രാദേശിക തലത്തിലും ആ പാര്‍ട്ടിയുമായി സഖ്യം ചേരുന്നതാണ് യുക്തിഭദ്രമെന്നു പ്രവര്‍ത്തകര്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ അഴിമതിക്കും പക്ഷപാതത്തിനും അതീതരായിരിക്കണമെന്നു സി പി ഐ കരുതുന്നുണ്ട്. അഴിമതി ആരോപണങ്ങളുണ്ടായാല്‍ അതിന്റെ പൊരുള്‍ ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ അഴിമതി ആരോപണങ്ങള്‍ക്കു വിധേയരാവുന്നവരും പാര്‍ട്ടികളും തയ്യാറാകേണ്ടതാണെന്ന നിലപാടും സി പി ഐ അണികളിലുണ്ട്. എന്നാല്‍ കേരളത്തില്‍ അഴിമതി ആരോപണങ്ങളുയര്‍ന്നു കൊണ്ടിരിക്കുകയും ആരോപണ വിധേയര്‍ മൗനം തുടരുകയും ചെയ്യുന്നതു സംശുദ്ധരാഷ്ട്രീയം ലക്ഷ്യമാക്കുന്നവരെ അസ്വസ്ഥരാക്കുകയാണെന്നും അഭിപ്രായമുണ്ട്. ഇന്നലെ നടന്ന വോട്ടെണ്ണലില്‍ സി പി ഐ സ്ഥാനാര്‍ത്ഥികള്‍ക്കു കാലുവാരല്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നു പാര്‍ട്ടി അണികള്‍ കരുതുന്നു. മാവേലിക്കര മണ്ഡലത്തില്‍ പാര്‍ട്ടിയും പാര്‍ട്ടി വിരുദ്ധരും സി പി ഐ സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ അവിടെയും ചില ബൂത്തുകളില്‍ അട്ടിമറിയുണ്ടായിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ടെന്നു പാര്‍ട്ടിയും കരുതുന്നുണ്ട്. തുടര്‍ന്നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിലയിരുത്തലില്‍ ഭാവി നിലപാടുകളെക്കുറിച്ചു വ്യക്തത ഉണ്ടായേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page