കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അട്ടിമറി വിജയത്തിലേക്ക്. അരലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ മുന്നേറുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറഞ്ഞത് ഉണ്ണിത്താനെ ബാധിച്ചില്ല. കഴിഞ്ഞതവണ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ 449161 വോട്ടുകളാണ് ഏറ്റവും ഒടുവിൽ ഉണ്ണിത്താന് ലഭിച്ചത്. ഇനിയും വോട്ടെണ്ണേണ്ടതുണ്ട്. 35 വര്‍ഷം ഇടതുകോട്ടയായിരുന്ന കാസര്‍കോട് മണ്ഡലം 2019 ല്‍ യുഡിഎഫ് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ പിടിച്ചെടുത്തു. കഴിഞ്ഞ തവണ അല്‍ഭുതമാണ് കാസര്‍കോട് ഉണ്ണിത്താന്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇക്കുറിയും അല്‍ഭുതപ്പെടുത്തുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയിട്ടും ഇടതിന് കോട്ട തിരിച്ചുപിടിക്കാനായില്ല. മണ്ഡലത്തില്‍
എം.വി ബാലക്യഷ്ണനാണ് രണ്ടാം സ്ഥാനം. മൂന്നാംസ്ഥാനത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി എല്‍എം അശ്വനി. കാസര്‍കോട് ജില്ലയിലെ 5 മണ്ഡലങ്ങളും കണ്ണൂരിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോകസഭാ മണ്ഡലം.കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനപ്രിയനാകാൻ കാസർകോട്ടുകാരുടെ ഉണ്ണിച്ചക്കു കഴിഞ്ഞിട്ടുണ്ട്. ഉത്സവമായാലും വിവാഹമായാലും ഏത് ആഘോഷ പരിപാടിയിലും ജനങ്ങളുടെ അടുത്ത് എപ്പോഴും ഓടി നടന്നാണ് ഉണ്ണിത്താന്റെ സേവനം. കോൺഗ്രസ് സംഘടനക്കുള്ളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊക്കെ മറികടന്നു കൊണ്ടാണ് വിജയത്തിൽ എത്തുന്നത്. ഉണ്ണിത്താന്റെ രണ്ടാം തവണയുമുള്ള ഭൂരിപക്ഷം ഇടതിനെ അമ്പരപ്പിച്ചിട്ടുണ്ട്. സിപിഎം രണ്ടുവർഷം മുമ്പ് തന്നെ തിരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബ്രാഞ്ച് തലം തൊട്ട് ചർച്ചകളും നടത്തിയിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ അപാകതയാണ് വീണ്ടും ഒരു പരാജയത്തിന് വഴി വച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനുശേഷം പാർട്ടിക്കുള്ളിലും അണികൾക്കിടയിലും തന്നെ വലിയ വിയോജിപ്പുണ്ടായിരുന്നതായാണ് വിവരം. കല്യാശേരി മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടിവി രജേഷിനെയോ ഡോ. വിപിപി മുസ്തഫയോ സ്ഥാനാര്‍ഥിയാക്കിയിരുന്നതെങ്കില്‍ ഇത്രയും ഈസി വാക്കോവര്‍ യുഡിഎഫിന് ലഭിക്കില്ലായിരുന്നു എന്നു കരുതുന്നവരും കുറവല്ല. ചെറുവത്തൂരിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച മദ്യ വില്പനശാല വിവാദം കൊണ്ടുണ്ടായ വിരോധം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് വിവരം. സംസ്ഥാനതലത്തിലുള്ള യുഡിഎഫ് അനുകൂല തരംഗം ജില്ലയിൽ ബാധിച്ചുവെന്നും പറയുന്നു. വലിയൊരു തോൽവി സംസ്ഥാനത്ത് തന്നെ സംഭവിച്ചതിനാൽ വരും ദിവസങ്ങളിൽ പാർട്ടി തന്നെ പരിശോധിക്കുമെന്നാണ് വിവരം.