കാസര്‍കോട്: ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച്ച. ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണം കവര്‍ച്ച ചെയ്തു. പുറത്തുള്ള ഭണ്ഡാരവും തകര്‍ത്ത് പണം എടുത്തിട്ടുണ്ട്. മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചതായും കാണുന്നു. ക്ഷേത്രത്തിലെ ഓഫീസിലെ കൗണ്ടറും മടപ്പുരയുടെ പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. മോഷണം നടത്തുന്നത് ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചേ ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തില്‍ അടിച്ചുതെളി നടത്തുന്ന സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ഉടന്‍ ക്ഷേത്രഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് ചന്തേര പൊലീസ് എത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തും. ഒരാഴ്ച മുമ്പ് സമീപത്തെ കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ആ മോഷ്ടാവ് തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
