കാസർകോട്: ചന്തേരയിൽ നടന്നുപോകുകയായിരുന്ന മധ്യവയസ്കൻ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബക്കറിന്റെ മകൻ എം അബ്ദുൽ ബഷീർ(52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ചന്തേരയിൽ വച്ചാണ് അപകടം. തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ആൾട്ടോ കാർ ആണ് നടന്നു പോവുകയായിരുന്ന ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. ഉടൻ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാലിക്കടവിലെ മുൻ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു ബഷീർ.