ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസി അടക്കം 57 ലോകസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. പത്തേകാല്‍ വരെ 15% ത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ 13 മണ്ഡലങ്ങളിലും ബീഹാറില്‍ എട്ടു മണ്ഡലങ്ങളിലും ഹിമാചലില്‍ നാല് മണ്ഡലങ്ങളിലും
ഝാര്‍ഖണ്ഡിലെ മുഴുവന്‍ മണ്ഡലങ്ങളിലും ആണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. 5.24 കോടി പുരുഷന്മാരും 4.82 സ്ത്രീകളും 3579 ട്രാന്‍സ്‌ജെന്റെഴ്‌സും ഉള്‍പ്പെടെ പത്തു കോടിയിലധികം പേരാണ് ഇന്ന് സമ്മതി ദാനവകാശം വിനിയോഗിക്കുന്നത്. 1.09 ലക്ഷം പോളിംഗ് സ്റ്റേഷനുകളും 10.9 ലക്ഷം പോളിംഗ് ജീവനക്കാരും ഉണ്ട്. 2019 നടന്ന വോട്ടെടുപ്പില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിനു 8 സീറ്റ് ആയിരുന്ന ലഭിച്ചത്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ഹിമാചല്‍പ്രദേശില്‍ ആയിരുന്നു. 14% ഇവിടെ വോട്ടിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ബീഹാറില്‍. 11 ശതമാനം പേരാണ് ഇവിടെ വോട്ടിംഗ് രേഖപ്പെടുത്തിയത്.
