വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ച് സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രം കുടിച്ചു. പ്രത്യേക മുറിയൊരുക്കിയെങ്കിലും പുലരും വരെ വിവേകാനന്ദ സ്മാരകത്തില്‍ ഇരുന്നു.
പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങും. ക്ഷേത്രത്തിനുള്ളില്‍ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ഇന്നലെ കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തീരത്തെ ഭഗവതി അമ്മന്‍ ക്ഷേത്ര സന്ദര്‍ശനത്തിനുശേഷമാണ് വിവേകാനന്ദ എന്ന ബോട്ടില്‍ പ്രധാനമന്ത്രി വിവേകാന്ദ സ്മാരകത്തിലെത്തിയത്. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.
അതേസമയം മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കമാണിതെന്നാണ് വിമര്‍ശനം. ധ്യാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ധ്യാനത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചിട്ടുണ്ട്.