മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വ്യക്ക നീക്കം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലെ 30 കാരിക്കാണ് ഈ ദുര്‍ഗതി. സംഭവത്തില്‍ യുവതിയുടെ കുടുംബം ചികിത്സാപ്പിഴവിനെതിരെ രംഗത്തെത്തി. വൃക്ക നീക്കം ചെയ്തതിന് പിന്നാലെ യുവതിയുടെ നില ഗുരുതരമായതായും കുടുംബം പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ശസ്ത്രക്രിയ നടത്തിയ ഡോ.ഡോ.സഞ്ജയ് ധന്‍ഖര്‍ എതിര്‍ത്തു. താന്‍ കൃത്യമായി തന്നെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ.സഞ്ജയ് ധന്‍ഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്‍ഖര്‍ ആശുപത്രി. സുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന സ്ത്രീക്ക് മൂത്രക്കല്ല് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് അവ നീക്കം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. കല്ലുകള്‍ കാരണം ഇടത് വൃക്ക തകരാറിലായിട്ടുണ്ടെന്നും അത് നീക്കം ചെയ്യേണ്ടതുണ്ടെന്നും ഡോക്ടര്‍ യുവതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് കുടുംബം തയ്യാറായത്. മെയ് 15 ന് ശസ്ത്രക്രിയ നടത്തി. എന്നാല്‍ തകരാറിലായ ഇടത് വൃക്കയ്ക്ക് പകരം ആരോഗ്യമുള്ള വലത് വൃക്കയാണ് ഡോക്ടര്‍ നീക്കം ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. രോഗിയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് ആശുപത്രി സീല്‍ ചെയ്തതായി ജുന്‍ജുനു കളക്ടര്‍ ചിന്മയി ഗോപാല്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ വകുപ്പ് റദ്ദാക്കിയതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) ശുഭ്ര സിംഗും പറഞ്ഞു.