ഭക്തര്‍ക്ക് പ്രാര്‍ഥന പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷി ആരംഭിച്ച് പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത ഭരണി മഹോത്സവത്തിനും മറ്റു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന മഞ്ഞള്‍കുറി പ്രസാദത്തിനാവശ്യമായ മഞ്ഞള്‍ ഉണ്ടാക്കാന്‍ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കമായി. കഴകത്തിലെ പ്രാദേശികസമിതികളുടെ സഹകരണത്തോടെ 32 പ്രദേശങ്ങളിലും അതത് മാതൃ സമിതികളുടെ നേതൃത്വത്തിലാണ് മഞ്ഞള്‍ കൃഷി നടത്തുന്നത്. ചെമ്മനാട്, ഉദുമ, പള്ളിക്കര കൃഷിഭവനുകളുടെ സഹകരണത്തോടെയാണ് ബൃഹ്ത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്.
മണ്ണിനടിയിലെ പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന, പോഷക ഗുണമുള്ള മഞ്ഞള്‍ പരിശുദ്ധമായും ഗുണനിലവാരത്തോടും വിളയിച്ചെടുത്ത് ഔഷധ ചേരുവകള്‍ ചേര്‍ത്ത് ദേവിയുടെ ‘കനകചൂര്‍ണ്ണ’ പ്രസാദമായാണ് ഭക്തര്‍ക്ക് നല്‍കുന്നത്. ഇത് വീടുകളിലെ പൂജാമുറികളില്‍ സൂക്ഷിച്ചു വെക്കും. ജില്ലയിലെ നാല് പഞ്ചായത്ത് പരിധികളില്‍ 32 പ്രദേശങ്ങളില്‍ കൃഷിഭവനുകളുടെ സഹകരണത്തോടെ വിപുലമായ രീതിയില്‍ ഒരു ക്ഷേത്രത്തിന്റെ കീഴില്‍ മഞ്ഞള്‍ കൃഷി നടത്തുന്നത് ആദ്യമാണെന്ന് പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണനും മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരനും പറഞ്ഞു. ക്ഷേത്ര ഭരണ സമിതി നല്‍കുന്ന വിത്തിന്റെയും ജൈവവളത്തിന്റെയും വിതരണം ക്ഷേത്ര ഭണ്ഡാരവീട് തിരുനടയില്‍ നടന്നു. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഭരണ സമിതി ഭാരവാഹികളായ അഡ്വ. കെ. ബാലകൃഷ്ണന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, പി.കെ.രാജേന്ദ്രനാഥ്, കെ.വി.ഗിരീഷ് ബാബു, പ്രദീപ്കുമാര്‍ പള്ളിക്കര, മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരനും ജനറല്‍ സെക്രട്ടറി വീണാകുമാരനും പ്രവര്‍ത്തകരും ചേര്‍ന്ന് വിത്തും വളവും ഏറ്റുവാങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page