കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കെപിസിസി നിയോഗിച്ച അന്വേഷണസംഘം. പെരിയ ഇരട്ടക്കല കേസിലെ പതിമൂന്നാം പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്തത്. കോൺഗ്രസ് നേതാവ് പ്രമോദ് പെരിയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് അടുത്തിടെ വിവാദമായിരുന്നു. ഈ സംഭവത്തിൽ പ്രമോദിനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. അതിനെ തുടർന്ന് പ്രമോദ് നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമാവുകയായിരുന്നു. കല്യാണ ചടങ്ങിൽ താൻ മാത്രമല്ല പങ്കെടുത്തതെന്നും മറ്റ് കോൺഗ്രസ് നേതാക്കന്മാരും പങ്കെടുത്തിരുന്നുവെന്നും പ്രമോദ് തുറന്നടിച്ചിരുന്നു.
ഇത് പാർട്ടിയിൽ വിവാദം ആളിക്കത്തിച്ചു. ഇതോടെയാണ് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അന്വേഷണത്തിന് നിയോഗിച്ചത്. ബുധനാഴ്ച കാസർകോട്ടെത്തിയ സംഘം തെളിവെടുപ്പ് നടത്തി. റിപ്പോർട്ട് ഉടൻ കെ പി സി സി പ്രസിഡന്റിന് നൽകുമെന്ന് അവർ പറഞ്ഞു
