റിയാദ്: വീടിനുള്ളില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കര്‍ണ്ണാടക, മംഗ്ളൂരു സ്വദേശികളുടെ കുഞ്ഞിന് ദാരുണാന്ത്യം. ഷേഖ് ഫഹദ്-സല്‍മ ദമ്പതികളുടെ മകന്‍ സായിഖ് ശൈഖ് (3)ആണ് മരണപ്പെട്ടത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദമാം, അല്‍ഹുസൈനി കോമ്പൗണ്ടിലെ ഒരു വില്ലയിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ അപകടം ഉണ്ടായത്. വില്ലയുടെ താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. കറുത്ത പുക മുറിയിലാകെ നിറഞ്ഞു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. കോമ്പൗണ്ടിന്റെ സെക്യൂരിറ്റി ജീവനക്കാരനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആള്‍ക്കാര്‍ കൂടിയെങ്കിലും ആര്‍ക്കും അകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. കടുത്ത പുക ശ്വസിച്ച ഫഹദിനെ ദമാം അല്‍മന ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും ഭാര്യ സല്‍മ കാസിയെ ദമാം മെഡിക്കല്‍ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകന്‍ സാഹിര്‍ അപകടനില തരണം ചെയ്തു.