ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ പ്രൊഫസർ ചമഞ്ഞ് 7 ആദിവാസി പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. മുപ്പതുകാരനും കൂട്ടാളികളും പിടിയിൽ. മധ്യപ്രദേശ് സ്വദേശി ബ്രിജേഷ് പ്രജാപതി( 30)യെയും സഹായികളായ മൂന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി രേവറേഞ്ച് ഇൻസ്പെക്ടർ ജനറൽ മഹേന്ദ്ര സിംഗ് ശിക്കാർ പറഞ്ഞു. വനിതാ പ്രഫസറുടെ വേഷമിണിഞ്ഞ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക ആപ്പിലൂടെ സ്ത്രീ ശബ്ദത്തിൽ പെൺകുട്ടികളുമായി സംസാരിച്ച് വശപ്പെടുത്തിയാണ് പീഡനം. സ്കോളർഷിപ്പ് ലഭിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനവും നൽകിയിരുന്നു. പെൺകുട്ടികൾക്ക് അയാളുടെ വീട്ടിൽ എത്തുന്നതിന് ഒരു സഹായിയെ അയക്കാം എന്ന് വാഗ്ദാനം ചെയ്യുകയും അതനുസരിച്ച് അയക്കുന്ന സഹായികൾ കുട്ടികളെ ഇയാളുടെ അടുത്ത് എത്തിക്കുമായിരുന്നുവത്രേ. അതിനുശേഷം ഹെൽമെറ്റും കൈയുറയും ധരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ കൊണ്ടുപോയി കുട്ടികളെ മാനഭംഗപ്പെടുത്തുയായിരുന്നു പതിവ്. മാനഭംഗത്തിന് ശേഷം കുട്ടികളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുക്കുന്നതും ഇയാളുടെ പതിവായിരുന്നു എന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. ആദിവാസി പെൺകുട്ടികളെയാണ് ഇയാൾ മാനഭംഗപ്പെടുത്തിയിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു അതേസമയം മറ്റ് നാലു പെൺകുട്ടികൾ കൂടി ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. മുഖ്യമന്ത്രി മോഹൻ യാദവ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.