റീൽ ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി കുട ചൂടി ബസ് ഓടിച്ചതിന് നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി) ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്‌തു. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്‌ടർ എച്ച്.അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം
ധാർവാഡ്-ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബസ് ചോരുന്നതിനാൽ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. സംഭവം യാഥാർത്ഥ്യമാണെന്നാണ് പലരും വിശ്വസിച്ചത്. ചിലർ സർക്കാരിനെ വിമർശിച്ചു. അതേസമയം ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം. ഈ സമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
എന്നാൽ കുട ചൂടി ബസോടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മനേജ്മെന്റ് വിശദീകരണത്തിൽ വ്യക്തമാക്കി.ഒരു കൈയിൽ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആർ.ടി.സി. അധികൃതർ നടപടിയെടുത്തത്.