കാസര്‍കോട്: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് 18 വിളക്കു കാലുകളും 36 ബള്‍ബുകളും സ്ഥാപിച്ചിട്ടും കുമ്പള ടൗണിന്റെ വിധി ഇരുട്ടത്തിരിക്കുവാന്‍. കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണത്തിന്റെ ഭാഗമായി വിവേകാനന്ദ സര്‍ക്കിള്‍ മുതല്‍ അനില്‍ കുമ്പള റോഡ് വരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിച്ചാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. രണ്ട് മാസം മുമ്പാണ് ബള്‍ബുകള്‍ പ്രകാശം പരത്തി തുടങ്ങിയത്. എന്നാല്‍ ഒരു മാസം കൊണ്ട് തന്നെ ബള്‍ബുകളെല്ലാം മിഴിയടച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കെ.എസ്.ഇ.ബി.യിലും പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല. മഴ തുടങ്ങിയതോടെ റോഡ് മുറിച്ചു കടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
