മോഷണമായിരുന്നു ലക്ഷ്യം; കുട്ടി ഉണർന്ന് ബഹളംവയ്ക്കുമെന്ന് ഭയന്ന് തട്ടിക്കൊണ്ടുപോയി; കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം; കാഞ്ഞങ്ങാട്ടെ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകിലെ പിഎ സലീം ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് വഴിയിൽ വെച്ച് ബഹളം വെച്ച കുട്ടിയെ കൊന്നുകളുയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി നേരത്തെ തന്നെ കുട്ടിയെ നോട്ടമിട്ടിരുന്നു. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു. അധികം സുഹൃത്തുക്കള്‍ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നേരത്തെ ജയിലില്‍ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നു പൊലീസ് പറയുന്നു.
കഴിഞ്ഞ മെയ് 15നാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതി വെള്ളിയാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്. പ്രതി ഫോണില്‍ വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മറ്റൊരു ഫോണില്‍ നിന്നാണ് പ്രതി വീട്ടിലേക്ക് വിളിച്ചത്. കുറ്റക്യത്യം നടത്തിയ 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page