നിസാരമായ പ്രശ്‌നത്തെ ചൊല്ലി 13 വയസുകാരന്‍ 9 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. മധുര ജില്ലയിലെ മേലൂരിനടുത്ത് കാതപ്പട്ടി കസ്റ്റംസ് ഏരിയയില്‍ ഒരു സ്വകാര്യ ഫൗണ്ടേഷന്റെ പേരില്‍ ഒരു അറബിക് സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ഒടുവില്‍ കൊലയിലെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബിഹാറില്‍ നിന്നുള്ള 13 വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഹോസ്റ്റലില്‍ സംസാരിച്ചിരിക്കവേ രണ്ടുപേര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രകോപിതനായ 13 കാരന്‍ പച്ചക്കറി മുറിക്കാനായി സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് 9 വയസുകാരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരിച്ചു. കൊലപാതകം ഭയന്ന് കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ മലിനജല ടാങ്കില്‍ ഇട്ടു. പിന്നീട് ഏറെ നേരം കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 13 കാരനെ പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകം പുറത്തറിഞ്ഞു. മലിനജല ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പിന്നാലെ 13 കാരനെ അറസ്റ്റുചെയ്തു.