പാലക്കാട്: പുലര്‍കാലങ്ങലില്‍ റോഡരുകില്‍ ഇറങ്ങുന്ന ‘പ്രേതങ്ങള്‍’ ഡ്രൈവര്‍മാരെ പിഴിയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് ഡ്രൈവര്‍മാരാണ് പ്രേതങ്ങളുടെ കെണിയില്‍ കുരുങ്ങിയത്. പണം നഷ്ടപ്പെട്ട കോയമ്പത്തൂര്‍, മേട്ടുപ്പാളയം സ്വദേശി എന്‍. പ്രഭു (38) പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. കൊച്ചി-സേലം ദേശീയ പാതയിലാണ് സംഭവപരമ്പര അരങ്ങേറുന്നത്. എന്‍. പ്രഭു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: ‘ കൊച്ചിയിലേക്ക് ലോഡുമായി പോവുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ വാളയാറിന് സമീപത്ത് എത്തിയപ്പോഴാണ് ‘സുന്ദരി’ യായ ഒരാള്‍ ലോറിക്ക് കൈകാട്ടിയത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ത്രീയ കണ്ടത് ആദ്യം പേടി തോന്നിപ്പിച്ചു. എന്തെങ്കിലും അത്യാഹിതത്തില്‍പ്പെട്ടതാണെങ്കിലോ എന്ന് കരുതി ലോറി നിര്‍ത്തി സ്ത്രീയെ സമീപിച്ചപ്പോള്‍ മോഹിപ്പിച്ച് തൊട്ടടുത്തെ കുറ്റിക്കാടിന് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നാലഞ്ചു പുരുഷന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഭീഷണിപ്പെടുത്തി കൈയ്യില്‍ ഉണ്ടായിരുന്ന 30,000 രൂപ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഒടുവിലാണ് തന്നെ മോഹിപ്പിച്ചത് സ്ത്രീ വേഷം കെട്ടിയ പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്.”
സമാനരീതിയില്‍ ധര്‍മ്മപുരിയില്‍ നിന്ന് തൃശൂരിലേക്ക് ലോഡുമായി പോവുകയായിരുന്ന തങ്കന്‍ (40) എന്ന ഡ്രൈവറും കബളിപ്പിക്കപ്പെട്ടു. ഇരു പരാതികളെയും തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രാത്രി കാലങ്ങളില്‍ സ്ത്രീ വേഷം കെട്ടി ലോറി ഡ്രൈവര്‍മാരുടെ പണം തട്ടുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി വ്യക്തമായത്. തട്ടിപ്പ് സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.
