Wednesday, June 19, 2024
Latest:

ഭാര്യയുടെ കല്യാണസാരി വിറ്റവന്‍


നോവല്‍
അതിരേത്? (ഭാഗം 5)

കൂക്കാനം റഹ്‌മാന്‍

മൂന്നാലു മാസം കോയമ്പത്തൂരില്‍ തന്നെയായി ഞങ്ങളാ ദുരിത ജീവിതം ജീവിച്ചു തീര്‍ത്തു. അതിനിടയിലും അവളുടെ ചികിത്സ ഭംഗിയായി ഞാന്‍ നടത്തിയിരുന്നു.
അങ്ങനെ മാസങ്ങള്‍ക്കൊടുവില്‍ അവളുടെ രോഗം ഏകദേശം ഭേദമായിത്തുടങ്ങി. അതില്‍ ഏറ്റവും വിചിത്രമായ ഒന്ന് ഞാനും ഭാര്യയും എവിടെയാണെന്നോ എന്താണെന്നോ നാട്ടില്‍ ആര്‍ക്കുമറിയില്ല. ആ അറിവില്ലായ്മ പലരെയും ആസ്വസ്ഥമാക്കിയപ്പോ അവര് തന്നെ ഓരോന്ന് പറഞ്ഞ് തുടങ്ങി. വീട്ടുകാര്‍ക്കില്ലാത്ത വേവലാതിയായിരുന്നു നാട്ടുകാര്‍ക്ക്. അവരവിടെ പരത്തിയ വാര്‍ത്ത മറ്റൊന്നായിരുന്നു. ‘അവളെയും കൂട്ടി അവന്‍ നാടുകടന്നിരിക്കുന്നു. ജീവിക്കാന്‍ മാര്‍ഗമൊന്നുമില്ലല്ലോ അപ്പൊ അവളെ വിറ്റു കാണും. അല്ലെങ്കില്‍ ഏതെങ്കിലും വേശ്യാലയത്തില്‍ കൊണ്ടാക്കിയിട്ടുണ്ടാവും.’
ആളുകള്‍ക്ക് എന്തും പറയാമല്ലോ. കേള്‍ക്കുന്നവന്റെ വേദന പറയുന്നവനറിയേണ്ടല്ലോ. മറ്റുള്ളരുടെ ചോര കുടിച്ച് ആനന്ദം കണ്ടെത്തുന്ന അങ്ങനെ ചിലര്‍. കാണുന്നവന് അവനവന്റെ തോന്നല് പോലെ നമ്മുടെ കഥ മാറ്റിയെഴുതാം മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കാം. തിരുത്താനും മായിക്കാനും കഴിയാത്തവനാണെങ്കില്‍ ആ കഥയില്‍ തന്നെ അവന്റെ ഒടുക്കവുമാവും. ഞാനനുഭവിക്കുന്ന പ്രയാസങ്ങള്‍ ദുരിതങ്ങള്‍ ആര്‍ക്കുമറിയില്ല. ആരെയും അറിയിക്കാനും ശ്രമിച്ചില്ല.
ഒക്കെയുള്ളിലൊതുക്കി വീഴാതിരിക്കാന്‍ ശ്രമിക്കുകയാണ്.
അതിനിടയിലാണ് അങ്ങനെയൊരു വാര്‍ത്ത കൂടി കാതില്‍ വന്ന് പതിഞ്ഞത്. അതോടെ മാനസിക പ്രയാസങ്ങള്‍ കൂടി. മനസ്സ് തകര്‍ന്നതോടെ കൈ വിറച്ചു. ഒന്നിനും വയ്യ ഒന്നിനും മനസ്സ് വരുന്നില്ല. ആകെ മരവിച്ച പോലെ. അതോടെ കച്ചവടവും തകര്‍ന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തണം. ഉമ്മാനോടെങ്കിലും എല്ലാം പറയണം.
ഇനി വിലപിടിപ്പുള്ളതെന്ന് പറയാന്‍ അവളുടെ കയ്യില്‍ ഒരു കല്യാണ സാരി മാത്രമാണുള്ളത്. സൈനബയുടെ സമ്മതത്തോടെ നന്നായി അലക്കി തേച്ച് മനോഹരമാക്കി ഞാനത് വില്‍പനക്ക് വെച്ചു. ആ തുകയും കൊണ്ടാണ് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് വരുന്നത്.
രാത്രിയിലാണ് നാട്ടിലെത്തിയത്. അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കി ആരും കാണാതെ ഞാന്‍ സ്ഥലം വിട്ടു. ഉമ്മയോട് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞിരുന്നു. മാറ്റാരെയും കാണാനോ കേട്ട കഥ തിരുത്താനോ നിന്നില്ല. നേരം പുലരും മുമ്പേ ഞാനാ നാട് കടന്നിരുന്നു.
വീണ്ടും കോയമ്പത്തൂരിലേക്ക്.
ഇത്രയും നാളത്തെ അവിടത്തെ താമസം കൊണ്ട് ചിലരെയൊക്കെ പരിചയമുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒരു ഹോള്‍സെയില്‍ മുട്ട കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ നിന്ന് കൊണ്ടായിരുന്നു പുതിയ ജോലിയുടെ തുടക്കം. ദിവസവും നൂറ് മുട്ടയെടുത്ത് സൈക്കിളില്‍, വീടുകളിലും ചെറുകടകളിലും കൊണ്ട് കൊടുക്കും. അതായിരുന്നു ജീവിത മാര്‍ഗം. തല്‍ക്കാല ആശ്വാസത്തിന് അത് മതിയാരുന്നു. അങ്ങനെ ആ ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നു. എങ്കിലും ചില നേരം ഓര്‍മ്മകളും ഭാവിയും ഭൂതവുമൊക്കെ ചിന്തകളെ വല്ലാതെ വേട്ടയാടും. അവയില്‍ നിന്ന് പുറത്ത് കിടക്കാനെന്ന വണ്ണം ഒരു ചെറിയ യാത്ര എനിക്ക് പതിവുള്ളതായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വണ്ടി കയറും.
എന്നിട്ട് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി, ഒന്ന് കറങ്ങി തിരിഞ്ഞു തിരികെ മടങ്ങും. അപരിചിതരായ ഒരുപാട് മനുഷ്യരെ കാണാം എന്നതൊഴിച്ചു മറ്റൊരു നേട്ടവും അതില്‍ നിന്ന് എനിക്കുണ്ടാകാറില്ല. എങ്കിലും ആ പതിവ് മുടക്കാറില്ല.
അന്നും അങ്ങനെയൊരു യാത്രയിലായിരുന്നു. തിരക്ക് അല്‍പം കൂടുതലുള്ളത് കൊണ്ട് എ സി കമ്പാര്‍ട്ട്മെന്റിലൂടെ അകത്ത് കടക്കുകയും അത് വഴി ലോക്കലില്‍ എത്താമെന്ന് വിചാരിക്കുകയും ചെയ്താണ് ആ വഴി നടന്നത്.
പക്ഷെ പെട്ടന്ന് പിന്നില്‍ നിന്ന് ‘ഹമീദേ’ എന്നൊരു വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. അതും എ സി കമ്പാര്‍മെന്റില്‍ നിന്ന്.
ആകാംക്ഷയോടെ ഞാന്‍ തിരിഞ്ഞ് നോക്കി. ഗള്‍ഫില്‍ നിന്ന് പരിചയപ്പെട്ട ഒരു പരിചയക്കാരന്‍.വര്‍ത്തമാനത്തിന്റെ ഇടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു.
‘ഹമീദേ, നാട്ടില്‍ ഒരു പറമ്പുണ്ട്. ഒരു രണ്ടര ഏക്കറ് വരും ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറ.നല്ല വിള കിട്ടുന്ന കൃഷി ഭൂമിയാണ്. അല്ലെങ്കില്‍ താന്‍ തന്നെ എടുത്തോ. ഞാനിപ്പോ അല്‍പം പ്രയാസത്തിലാണ് അതാണ് വില്പനയ്ക്ക് തീരുമാനം എടുത്തത്.’
അദ്ദേഹത്തിന്റെ അവസാന വാക്ക് എന്നെ എവിടെയോ നോവിച്ചു. എന്നോട് എടുത്തോന്ന്, എന്ത് വെച്ചെടുക്കാന്‍. ഇപ്പോഴും ഞാന്‍ പഴയ ആളാണെന്ന എല്ലാവരും വിചാരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.
ഉണ്ണാനില്ലാത്തവന്റെ വേദന അവര്‍ക്കറിയില്ലല്ലോ. എങ്കിലും ഒന്നും പുറത്ത് കാട്ടാതെ ഞാനദ്ദേഹത്തിന് നോക്കാമെന്ന പ്രതീക്ഷ നല്‍കി യാത്ര പറഞ്ഞ് പോയി. ആ വാക്കിങ്ങനെ മനസ്സില്‍ ഇടക്കിടെ, വന്ന് പോയി കൊണ്ടിരുന്നു. അതാണ് അവിചാരിതമായി മുന്നില്‍ കണ്ട ഒരു പരിചയക്കാരനോട് ആ സ്ഥലത്തെ കുറിച്ച് പറയാന്‍ കാരണമായത്. പറഞ്ഞപ്പോള്‍ തന്നെ ആള്‍ക്ക് ആ സ്ഥലം കാണണമെന്നായി. കുറഞ്ഞ സമയത്തിനുള്ളില്‍ അതിനൊരു തീരുമാനവുമായി. ആള്‍ക്ക് സ്ഥലം ബോധിക്കുകയും, രണ്ടര ലക്ഷത്തിന് കച്ചവടം ഉറപ്പിക്കുകയും ചെയ്തു. അതിന്റെ സന്തോഷത്തില്‍ സ്ഥലമുടമ എനിക്ക് അര ലക്ഷം രൂപ സമ്മാനമായി നല്‍കുകയും ചെയ്തു. അത് കയ്യില്‍ വന്നപ്പോഴാണ് സ്വപ്ന നഗരമായ ബോംബെ വീണ്ടുമെന്റെ മനസ്സിലേക്ക് വന്നത്. മറിച്ചൊന്നും ആലോചിച്ചില്ല. അടുത്ത പകല്‍ കോയമ്പത്തൂരില്‍ നിന്നും ബോംബയിലേക്ക് യാത്ര തിരിച്ചു. പരിചിതമായ നഗരം പലരും പരിചിതര്‍. ജോലിക്ക് അധികം അലയേണ്ടി വന്നില്ല. പിടിച്ചു നില്‍ക്കാന്‍ പലതരം ജോലികള്‍ ചെയ്തു.
അതിനിടയിലും പ്രതീക്ഷയുടെ നാമ്പ് വീണ്ടും തളിര്‍ക്കുമ്പോലെ ചില ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തത്. ചിലത് പരാജയപ്പെട്ടു ചിലത് നിര്‍ഭാഗ്യം കൊണ്ട് അകന്ന് പോയി. ഒടുവില്‍ മുമ്പ് ജോലി ചെയ്ത അതേ കമ്പനിയുടെ ഇന്റര്‍വ്യൂവിന് അവിചാരിതമായി ഞാന്‍ ചെന്ന് പെട്ടു.
ആളുകള്‍ വ്യത്യസ്ഥരാണെങ്കിലും കമ്പനി ഒന്ന് തന്നെയായാത് കൊണ്ട് അവര്‍ക്ക് മുന്നില്‍ അന്നുണ്ടായ എന്റെ നിസ്സഹായ അവസ്ഥയും ജോലി നഷ്ടത്തെ കുറിച്ചുമൊക്കെ വേദനയോടെ വെളുപ്പെടുത്തി. എന്തോ അവരതില്‍ പ്രയാസപ്പെടുകയും മുമ്പത്തെക്കാള്‍ ഉയര്‍ന്ന പോസ്റ്റിലേക്ക് എന്നെ ജോലിക്കെടുക്കയും ചെയ്തു. താന്‍ സ്വപ്നം കാണുകയാണോയെന്ന് പോലും തോന്നി പോയിരുന്നു. സ്വപ്നത്തില്‍ പോലും കടന്ന് വരാത്ത കാര്യമാണ് മുന്നില്‍ സാധ്യമായി നില്‍കുന്നത്. നിറഞ്ഞ കണ്ണുകള്‍ അവര്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാട് പെട്ടു. വീണ്ടും അതേ ഇടത്തേക്ക്, അതും തികച്ചും സൗജന്യമായി. പുതിയ പ്രതീക്ഷികള്‍, പഴകിയതാണെങ്കിലും പുതുക്കിയ സ്വപ്നങ്ങള്‍. ഉണങ്ങി കരിഞ്ഞ ജീവിതം വീണ്ടും പച്ചപിടിക്കുകയാണെന്ന തോന്നല്‍. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അവിടേക്ക് പറന്നു. പലരും പരിചയക്കാരാണെങ്കിലും പുതിയ മനുഷ്യരും അവര്‍ക്കിടയിലുണ്ടായിരുന്നു. പുതിയ ജോലി പുതുക്കിയ ശമ്പളം. ജീവിതം വീണ്ടും മാറി മറിയാന്‍ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page