കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; സലീമിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍, ഇന്ന് വൈകിട്ട് കാസര്‍കോട്ടെത്തിക്കും

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം രായ്ക്കുരാമാനം നാടുവിട്ട പ്രതിയെ ഒടുവില്‍ കുടുക്കിയത് ഭാര്യയുടെ ഫോണ്‍. ആന്ധ്രാപ്രദേശിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ച് കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിക്കുകയായിരുന്നു. പൊലീസ് പിടികൂടിയ സലിം കുടക്, നാപോക് സ്വദേശിയാണ്. ഇക്കാര്യം അറിഞ്ഞ പ്രത്യേക അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പ്രതിയെ ഇന്ന് വൈകുന്നേരം നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെയ് 15ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തു വയസ്സുകാരിയെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ തട്ടിക്കൊണ്ടു പോയി വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള വയലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
ഡി.ഐ.ജി തോംസണ്‍ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഡിവൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, ലതീഷ്, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ കണ്ണൂര്‍ സ്‌ക്വാഡ് മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പ്രതിയെ കണ്ടെത്താനുള്ള ദൗത്യം ഡിവൈ.എസ്.പി ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു. പിടിയിലായ സലിം ഒരു വര്‍ഷത്തിലധികമായി ഫോണ്‍ ഉപയോഗിക്കാറില്ല. കാഞ്ഞങ്ങാട്ടെത്തിയാല്‍ ഭാര്യയുടെ ഫോണും മടിക്കേരിയില്‍ എത്തിയാല്‍ മാതാവിന്റെ ഫോണുമാണ് ഉപയോഗിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page