മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കോഴയോ? ശബ്ദ സന്ദേശത്തിലെ ആരോപണം തെറ്റെന്ന് അസോസിയേഷന്‍; ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള മദ്യനയ പരിഷ്‌കരണം പരിഗണിക്കുന്ന സമയത്താണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. ബാര്‍ ഉടമകളുടെ സംഘടനയിലെ ഇടുക്കി ജില്ലാ ഭാരവാഹി അനിമോന്റെ ശബ്ദം എന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. മദ്യ നയം ബാര്‍ ഉടമകള്‍ക്കു സഹായകമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ കോഴ കൊടുക്കണമെന്ന സൂചനയാണ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖയില്‍ വ്യക്തമാകുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്. ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. അതേസമയം 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും, ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ല. ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിക്കട്ടെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍
പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ്
ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞു.
അനിമോനും കൊല്ലത്തുള്ള ആള്‍ക്കാരും ചേര്‍ന്ന് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും സസ്‌പെന്റുചെയ്തിരുന്നുവെന്നും അതിന് ശേഷം യോഗത്തില്‍ നിന്നും പുറത്ത് പോയതിന് ശേഷമാണ് ഓഡിയോയിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം ഇന്നലെ നടന്ന യോഗത്തിലെ അജണ്ടയില്‍ കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നില്ലെന്നാണ് വിവരം. എന്നാല്‍
ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഉടന്‍ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page