കണ്ണൂര്‍: വീടുകളെയും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ ടൗണിലാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിന്റെ മെഷീന്‍ തകര്‍ത്ത് പണം കവരാനായിരുന്നു ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മുഖം മൂടിധരിച്ച ഒരാള്‍ എ.ടി.എം കൗണ്ടറില്‍ എത്തുന്നതും ചുറ്റിക പോലുള്ള ആയുധം ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മെഷീന്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അലാറം മുഴങ്ങുകയും ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.
