വിഷ ജലമൊരുക്കി പെരിയാറില്‍ മത്സ്യക്കുരുതി; ഇവിടെ മനുഷ്യരെ കൊല്ലും വിഷം ചേര്‍ത്ത പഴകിയ മത്സ്യ വില്പന, പരിശോധനയില്ലെന്നും പരാതി

കാസര്‍കോട്: വിഷ ജലം ഒഴുക്കിയതിനെ തുടര്‍ന്ന് പെരിയാറും, പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയെങ്കില്‍ ഇവിടെ കാസര്‍കോട് വിഷം ചേര്‍ത്ത പഴകിയതും, അഴകിയതുമായ മത്സ്യ വില്‍പനയുടെ കൊയ്ത്ത്. ജില്ലയില്‍ മത്സ്യമാര്‍ക്കറ്റുകളിലും, പാതയോരത്തും, ഗ്രാമീണ മേഖലകളിലുമെല്ലാം പഴകിയ മീന്‍ കച്ചവടമാണ് പൊടിപൊടിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് മീന്‍ ലഭിക്കാത്തതാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പഴകിയ മത്സ്യങ്ങള്‍ക്ക് കൊയ്ത്താവുന്നതെന്നാണ് പറയുന്നത്.
വില്‍പനയ്ക്ക് വച്ചിരിക്കുന്ന മീന്‍ കണ്ടാല്‍ തന്നെ അഴുകിയ മത്സ്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇതിനെ കേടു വരാതിരിക്കാനുള്ള, മനുഷ്യശരീരത്തിന് ഹാനികരമായ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്. നേരത്തെ ട്രോളിംഗ് നിരോധന സമയത്തായിരുന്നു പഴകിയ മല്‍സ്യം എത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന കടലിലെ മത്സ്യക്ഷാമം മുതലെടുത്താണ് പഴകിയ മത്സ്യങ്ങളുടെ വില്‍പന. മുന്‍കാലങ്ങളില്‍ അഴകിയതും, ചീഞ്ഞതുമായ മത്സ്യ വില്‍പന ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കുകയും, പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടികളില്ലാത്തത് മുതലെടുക്കുകയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പഴകിയ മത്സ്യ വില്പന തൊഴിലാളികള്‍. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പഴകിയ മത്സ്യങ്ങള്‍ കൊണ്ടുവരുന്നത്. ഇവിടങ്ങളില്‍ അശാസ്ത്രീയമായി സംഭരിക്കുന്ന മത്സ്യങ്ങളാണ് മാസങ്ങള്‍ക്കും, വര്‍ഷങ്ങള്‍ക്കുശേഷം മത്സ്യക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ കേരള സംസ്ഥാനത്തെത്തുന്നത്. ഇത് വാങ്ങി കാശുണ്ടാക്കാന്‍ എല്ലായിടത്തും ഇടനിലക്കാരും, കച്ചവടക്കാരുമുണ്ട്. ചെറുതും വലുതുമായ അയല, ചൂര, മാന്തള്‍, ഞണ്ട്, കൂന്തല്‍, ചെമ്മീന്‍ തുടങ്ങിയ മീനുകളാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ജില്ലയിലെത്തുന്നത്. രാസപദാര്‍ത്ഥങ്ങളുടെ ദൂഷ്യഫലങ്ങള്‍ അറിയാതെയാണ് മത്സ്യ വില്‍പനക്കാര്‍ ഇത് വിറ്റഴിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലിയ രോഗത്തിന് അടിമയാക്കുമെന്ന തിരിച്ചറിവ് ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കുമില്ല. മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page