കാസര്‍കോട്: പനി ബാധിച്ച് ഡോക്ടറെ കാണിക്കാനായി ആശുപത്രിയില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ ഒരു വയസ്സുള്ള ആണ്‍ കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതിക്ക് തടവും പിഴയും ശിക്ഷ. തമിഴ്നാട്, കൃഷ്ണഗിരി, ഹൊസ്സൂര്‍, അമ്മന്‍കോവില്‍ തെരു സ്വദേശിനിയായ ദിവ്യ (44)യെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആറു മാസത്തെ തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
ചെങ്കള, ബംബ്രാണി നഗര്‍ സ്വദേശി ബി. അബ്ദുല്‍ റഹ്‌മാന്റെ കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല കവര്‍ന്ന കേസിലാണ് ശിക്ഷ. 2017 ജുലായ് 5ന് ഉച്ചക്ക് 12.30ന് ചെര്‍ക്കളയിലുള്ള ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ തമിഴ്നാട്, അമ്മന്‍ കോവില്‍ സ്വദേശിനി ജന്‍ജന ഒളിവിലാണ്. ഇവര്‍ക്കെതിരെയുള്ള കേസ് തുടരും.
പ്രതികളായ ദിവ്യയേയും ജന്‍ജനയേയും അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ജന്‍ജന ഒളിവില്‍ പോവുകയായിരുന്നു.
