കാമുകി തൂങ്ങിമരിച്ചതില്‍ മനംനൊന്ത് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. മോളോട്ട് സ്വദേശി മീരയുടെ മകന്‍ കാര്‍ത്തിക് പൂജാരി(20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കര്‍ണാടക മുള്‍ക്കിക്ക് സമീപം കൊളക്കാടി റെയില്‍വേ ഗേറ്റിനു മുന്നിലാണ് യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ ശനിയാഴ്ച മോളോട്ടിലെ വീട്ടില്‍ എത്തിയിരുന്നു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം മൊളോട്ടില്‍ താമസിച്ചിരുന്ന കാര്‍ത്തിക് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രദുര്‍ഗയിലെ ബന്ധുവിന്റെ ഗാരേജില്‍ ജോലിക്ക് ചേര്‍ന്നത്. കാര്‍ത്തിക് നാട്ടിലെ കോളേജ് വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. 18 വയസു കഴിഞ്ഞാല്‍ വിവാഹം കഴിപ്പിക്കാന്‍ ബോണ്ട് പേപ്പര്‍ മുഖേന അനുമതി നല്‍കിയതായും പറയുന്നു. അതിനിടെ പെണ്‍കുട്ടിയെ മൂഡബിദ്രിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാമുകനെ കാണാനാവാത്ത വിഷമത്തില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടി വെള്ളിയാഴ്ച തൂങ്ങി മരിച്ചു. ഈ സമയം ചിത്രദുര്‍ഗയിലായിരുന്ന കാര്‍ത്തിക് കാമുകി ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ശനിയാഴ്ച മൊളോട്ടിലെ വീട്ടില്‍ എത്തിയിരുന്നു. മാതാവ് മീര ഞായറാഴ്ച പുലര്‍ച്ചെ അടിയന്തര ജോലിക്കായി കേരളത്തിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകന്‍ ട്രെയിന്‍ തട്ടിമരിച്ച വിവരം അറിഞ്ഞത്. മുള്‍ക്കി പൊലീസ് ഇന്‍സ്പെക്ടര്‍ വിദ്യാധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു.
