വാട്സ്ആപ്പിലൂടെ വോയിസ് മെസ്സേജ് അയച്ചു ആദ്യ ഭാര്യയെ മുത്തലാഖ് ചെയ്തു; തെലുങ്കാനയിലെ 32 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) എന്ന് യുവാവാണ് അറസ്റ്റിലായത്.
2017-ലാണ് അതീഖ് ജാസ്മിൻ(28) എന്ന യുവതിയെ വിവാഹം ചെയ്തത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ ചില വഴക്കുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ രണ്ട് പെൺമക്കൾ ഇപ്പോൾ ജാസ്മിനൊപ്പമാണ് താമസിക്കുന്നത്. ഇതിനിടെ, അതീഖ് വീണ്ടും ആരും അറിയാതെ വിവാഹിതനായെന്നും പൊലീസ് വ്യക്തമാക്കി.
2023-ൽ ജാസ്മിൻ അതീഖിനെതിരേ പൊലീസിൽ പീഡനപരാതി നൽകി. ഇതോടെ, കോടതിയിലെത്തിയ കേസിൽ ജാസ്മിന് ഭർത്താവ് പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് അതീഖ് പാലിക്കാതെവന്നതോടെ യുവതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സമൻസ് ഭർത്താവിന് അയച്ചു. പ്രകോപിതനായ അതീഖ് ഭാര്യയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലുകയായിരുന്നു. വോയ്സ് മെസേജ് വഴിയുള്ള മുത്തലാഖ് സന്ദേശം യുവതി തന്റെ കുടുംബവുമായി പങ്കുവച്ചു. പിന്നാലെ, യുവതി വീണ്ടും പൊലീസിൽ പരാതി നൽകിയതോടെയാണ് അതീഖ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page