ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ് കുമാര്‍ (23) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയാണ് ധനുഷ്. വര്‍ഷങ്ങളായി ഓണ്‍ലൈനായി റമ്മി കളിക്കുന്ന ശീലം ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ധനുഷ് കുമാര്‍ പിതാവ് മുനുസ്വാമിയോട് 24,000 രൂപ ചോദിച്ചിരുന്നു. ഇത്രയും പണം ഇല്ലാത്തതിനാല്‍ പിതാവ് കയ്യിലുണ്ടായിരുന്ന 4000 രൂപ മകന് നല്‍കി.
ശേഷം മുറിയില്‍ കയറി കതകടച്ച ധനുഷ് കുമാര്‍ ഏറെ നേരമായിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കതക് പൊളിച്ച് നോക്കിയപ്പോഴാണ് ധനുഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയില്ലെന്നും റമ്മി കളിക്കാന്‍ പണമില്ലാത്തതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
