കാസർകോട്: നഗരത്തിൽ കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തകർത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മധൂർ പട്ല സ്വദേശി ഗണേഷ് എന്ന യുവാവാണ് എയ്ഡ് പോസ്റ്റിന്റെ ജനൽ ചില്ലുകൾ തകർത്തത്. കഞ്ചാവ് കടത്ത് കേസിൽ പ്രതിയായ യുവാവ് ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ എത്തിയ യുവാവ് പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലുള്ള പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. അക്രമാസക്തനായ യുവാവിനെ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ കൈകൊണ്ട് ജനൽ ചില്ലുകൾ തകർത്തു. പിന്നീട് കൈവിരൽ മുറിച്ചു ആത്മ ഹത്യാശ്രമവും നടത്തി. ഒടുവിൽ പൊലീസ് ബലമായി കീഴ്പ്പെടുത്തി കാസർകോട് ടൗൺ സ്റ്റേഷനിൽ എത്തിച്ചു. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.