കാസര്‍കോട്: ഇരിയണ്ണി നിവാസികളെ ഭീതി പരത്തി ഒറ്റയാന്റെ പരാക്രമം. സോളാര്‍ വേലി തകര്‍ത്ത ആന ഇപ്പോള്‍ ജനവാസ കേന്ദ്രത്തില്‍. ചൊവ്വാഴ്ച രാത്രിയാണ് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഇരിയണ്ണി ദര്‍ഘാസില്‍ എത്തിയത്. കെ നാരായണന്‍ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ കയറിയ കാട്ടാന
ജലസേചനത്തിനൊരുക്കിയ പൈപ്പുകളും, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചിട്ടുണ്ട്. പകല്‍സമയം സമീപത്തെ കാട്ടിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇരിയണ്ണി ഫോറസ്റ്റില്‍ തമ്പടിച്ചിരിക്കുകയാണ് ഒറ്റയാന്‍. ഇരിയണ്ണി തീയടുക്കം, അരിയില്‍, ചെറ്റത്തോട്, ദര്‍ഘാസ്, വളപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരാഴ്ചയായി കൃഷി നാശം വരുത്തുകയാണ് ഈ കാട്ടാന. സോളാര്‍ വേലി സ്ഥാപിച്ചിട്ടും അതൊന്നും വകവെക്കാതെ ആനകള്‍ നാട്ടിലിറങ്ങുന്നത് തുടരുന്നതിനാല്‍ ആനയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വനപാലകര്‍ നിസ്സഹായരാണ്.
