അച്ഛനും മകനും ചേർന്നു വീട്ടുപറമ്പിൽ കഞ്ചാവ് കൃഷി; ഒപ്പം വിൽപ്പനയും; നാട്ടുകാർ ഒറ്റുകൊടുത്തു; സഹായി അടക്കം മൂന്നുപേർ അറസ്റ്റിൽ

വാഗമണ്‍: ഇടുക്കിയില്‍ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും അധികൃതര്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റിലായി. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. വാഗമണ്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. വിനോദ്, എസ്.ഐമാരായ സതീഷ്‌കുമാര്‍, ബിജു, എ.എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്നു നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. കൂടാതെ വില്‍പ്പനയും സജീവമായതോടെ നാട്ടുകാര്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇടുക്കി ഡാന്‍സാഫ് സംഘം ഒരാഴ്ച ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികള്‍ക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. പല തവണ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വഴുതി പോയിരുന്നു.
പിടിയിലായവരെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page