ന്യൂദെല്‍ഹി: തിങ്കളാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു നാലാംഘട്ടത്തില്‍ 67 ശതമാനം വോട്ടു പോള്‍ചെയ്തു. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 96 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച നാലാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.
ആന്ധ്രാപ്രദേശില്‍ നിന്ന് 25വും തെലുങ്കാനയില്‍ നിന്ന് 17വും യു പിയില്‍ 13വും മഹാരാഷ്ട്രയില്‍ 11വും മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ എട്ടുവീതവും ബീഹാറില്‍ അഞ്ചും ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങില്‍ നിന്നു നാലുവീതവും ജമ്മുകാശ്മീരില്‍ നിന്നു ഒന്നും ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. 1717 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ആന്ധ്രാപ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ലോക്‌സഭയിലേക്കുള്ള ദക്ഷിണേന്ത്യയിലെ വോട്ടെടുപ്പു പൂര്‍ത്തിയായി. പശ്ചിമബംഗാളില്‍ 78ശതമാനവും മധ്യപ്രദേശില്‍ 68.63 ശതമാനവും ആന്ധ്രാപ്രദേശില്‍ 68.12 ശതമാനവും വോട്ട് പോള്‍ ചെയ്തു. യു പിയില്‍ 57.88 ശതമാനം പോളിംഗ് നടന്നു.
നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡീഷയില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ വോട്ടെടുപ്പു നടന്നിരുന്നു.