ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54)കുഴഞ്ഞുവീണു മരിച്ചു. ഒക്കൽ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയതായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. 2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. കലാഭവൻ മണി നായകനായ ലോകനാഥന്‍ ഐഎഎസ്, മൈ ഡിയർ മമ്മി, കളഭം, കനക സിംഹാസനം തുടങ്ങി ആറു സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വെളുത്ത കത്രീന, ചക്കര വാവ തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്തായിരുന്നു. ഇടനാഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേവ നന്ദന മകളാണ്.
