എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങിയതോടെ അവസാനമായി ഭാര്യയെ കാണാനാവാതെ മസ്‌ക്കറ്റില്‍ യുവാവ് യാത്രയായി. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയര്‍ ഇന്ത്യ എക്‌സപ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവിയും മാതാവും വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.
എന്നാല്‍ ഭര്‍ത്താവ് ഐസിയുവിലാണെന്നും മറ്റ് സംവിധാനം തരപ്പെടുത്തി തരുമോ എന്ന് കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമെന്നായിരുന്നു മറുപടി ലഭിച്ചത്. പിന്നാലെ ഒന്‍മ്പതാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാന്‍ അമൃത വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ സമരം തുടരുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ നിസ്സഹായരായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
