കാലന്റെ ഗ്യാരന്റി

നാരായണന്‍ പേരിയ

അറിയാനും അറിഞ്ഞ് പ്രതികരിക്കാനും മനുഷ്യന് അഞ്ച് ഇന്ദ്രീയങ്ങള്‍. കണ്ടറിയാന്‍ കണ്ണ്; കേട്ടറിയാന്‍ കാത്; മണത്തറിയാന്‍ മൂക്ക്; രുചിച്ചറിയാന്‍ നാക്ക്; തൊട്ടറിയാന്‍ ത്വക്ക് (തൊലി). ഈ പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ, അതിലധികമോ ശേഷിക്കുറവുള്ളതാണെങ്കില്‍ മറ്റ് ഇന്ദ്രീയങ്ങള്‍ ആ കുറവ് നികത്തും.
എന്നാല്‍, അഞ്ചും ശേഷിയില്ലാത്തതായാലും അത് അയോഗ്യതയായി കാണാത്ത ഒരിടമുണ്ട്: നിയമനിര്‍മ്മാണ സഭ-സംസ്ഥാന അസംബ്ലിയും, പാര്‍ലമെന്റും. ഈ സഭകളുടെ കാലാവധി അഞ്ചു വര്‍ഷം. രാജ്യസഭയുടെ കാലാവധി ആറ് വര്‍ഷം. സഭാംഗത്വം നേടാനും, നേടിയത് കാലാവധി തീരും വരെ കൊണ്ട് നടക്കാനും ഇന്ദ്രീയശേഷി ഉണ്ടാകണമെന്നില്ല. അതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ഭരണസമ്പ്രദായം അംഗീകരിച്ച 1950 മുതല്‍ 2024 വരെയുള്ള എഴുപത്തഞ്ചു വര്‍ഷക്കാലത്തെ അനുഭവം.
നമ്മുടെ പാര്‍ലമെന്റില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാം. എന്നാല്‍ ഒരംഗത്തിന് ഈ രണ്ട് ഭാഷയും അറിയില്ലെങ്കിലും അംഗമാകാം. മന്ത്രിപദവി വഹിക്കാം. അഴഗിരി എന്ന ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. സഭയില്‍ പ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തമിഴില്‍ എഴുതിക്കൊടുത്തത് വായിക്കും.(സെക്രട്ടറി തമിഴ് ലിപിയില്‍ എഴുതി കൊടുത്തത്) ഉപചോദ്യങ്ങളുടെ ഉത്തരം സഹമന്ത്രി ശ്രീകാന്ത് ജന പറയും. സ്പീക്കര്‍ മീരാകുമാര്‍ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ ധാരണ. ഈ പഴയകഥ ഇപ്പോള്‍ ഓര്‍ത്തത് ഒരു പത്രവാര്‍ത്തയെ തുടര്‍ന്നാണ്: മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഒരു റിട്ട് ഹര്‍ജി. പൊള്ളാച്ചി സ്വദേശി വി. സുബ്ബയ്യ ഫയല്‍ ചെയ്തത്, 2016 നവംബറില്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഹര്‍ജി. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജഡ്ജി ജസ്റ്റിസ് എന്‍. കിരുബാകരന്‍ നിയമസഭകളിലേക്കും ലോക്സഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടി സ്വമേധയാ ബാധകമാക്കി.
ഹര്‍ജയില്‍ ഉന്നയിച്ച പ്രശ്നം: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി കൂടി വെളിപ്പെടുത്തണം. ഭൂരിപക്ഷം വോട്ട് നേടി ജയിച്ചാല്‍ നിയമസഭയിലോ ലോക്സഭയിലോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഭരണനിര്‍വ്വഹണ സമിതിയിലോ അംഗമാകുമല്ലോ. തുടര്‍ന്ന് ചിലര്‍ മന്ത്രിമാരും കൗണ്‍സിലര്‍മാരും മറ്റുമായി തിരഞ്ഞെടുക്കപ്പെടും. വളരെ ഉത്തരവാദിത്വമുള്ള പദവികളാണല്ലോ അതെല്ലാം. ആരോഗ്യം-ശാരീരകവും മാനസികവും-പരിഗണനീയം. പ്രതിപക്ഷത്താണെങ്കില്‍പ്പോലും. നിയമനിര്‍മ്മാണവും ഭരണവും കുറ്റമറ്റനിലയില്‍ കാര്യക്ഷമതയോടെ നടക്കണമെങ്കില്‍ പ്രതിപക്ഷാംഗങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ അനുപേക്ഷണീയം. അങ്ങനെ നടക്കുന്നുണ്ടോ എന്ന ചോദ്യം തല്‍ക്കാലം മാറ്റി വെക്കുക.
(യാഥാര്‍ത്ഥ്യം ഇപ്പോള്‍ത്തന്നെ പറയാം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിവസം ഒരിക്കല്‍ സഭാധ്യക്ഷന്‍ പറഞ്ഞു: ‘ഈ സമ്മേളനം വളരെ ഫലപ്രദമായിരുന്നു. 23 ബില്ലുകള്‍ പാസാക്കി 275 റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ചു, പക്ഷെ വസ്തുത എന്താണ്? ലോക്സഭ നിയമനിര്‍മ്മാണ സംബന്ധമായ ചര്‍ച്ചകള്‍ക്ക് വേണ്ടി ചെലവഴിച്ച സമയം 20 ശതമാനം. രാജ്യസഭയും ഭേദമല്ല. 23 ശതമാനം സമയം. 15 ശതമാനത്തില്‍ക്കുറഞ്ഞ സമയം മാത്രം നിയമനിര്‍മ്മാണങ്ങള്‍ക്കായി ചെലവഴിച്ച സമ്മേളനങ്ങളുണ്ട്. കോടതി അലക്ഷ്യ(ഭേദഗതി) ബില്ല് ചര്‍ച്ചക്കായി അവതരിപ്പിച്ചപ്പോള്‍, ഭരണപക്ഷത്തെ 21 എം.പിമാരും പ്രതിപക്ഷത്തെ 9 എം.പിമാരുമാണ് സഭയിലുണ്ടായിരുന്നത്. ബില്ല് ശബ്ദവോട്ടോടെ പാസാക്കി.
അരുണ്‍ ഷൂരി പറയുന്നു: ‘ ഈ സഭകള്‍ ഗവണ്‍മെന്റിന് ഉത്തരവാദിത്വമുള്ള നിയമനിര്‍മ്മാണ സഭകളല്ല (അങ്ങനെയാണ് അവകാശപ്പെടുന്നതെങ്കിലും)പ്രമേയങ്ങള്‍ പാസാക്കാനും, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തയ്യാറാക്കിയ ‘മെലോഡ്രാമ’കള്‍ അഭിനയിക്കാനുമുള്ള വേദികളാണ്. (പാര്‍ലമെന്ററി സംവിധാനം-പേജ് 28)
ഇമ്മാതിരി സഭകളില്‍ അംഗത്വം നേടാനായി മത്സരിക്കാനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ ശാരീരിക-മാനസിക ആരോഗ്യ സ്ഥിതി വെളിപ്പെടുത്തണമെന്നാണ് നേരത്തെ പരാമര്‍ശിച്ച പൊള്ളാച്ചിക്കാരന്‍ വി സുബ്ബയ്യയുടെ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം, ആരോഗ്യ സ്ഥിതി ഉത്തരവാദിത്വ നിര്‍വ്വഹണത്തിന് പര്യാപ്തമല്ല എന്ന് കണ്ടാലോ? അംഗത്വം റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരിക. അതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവ്. അത് ഒഴിവാക്കാന്‍ വേണ്ടി വിവേകപൂര്‍വ്വം സ്വീകരിക്കാവുന്ന മുന്‍ കരുതല്‍- സ്ഥാനാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തല്‍! തൃപ്തികരമല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുക. പക്ഷെ ഇത് ശരിയോ?
റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജയ് ഗംഗാപൂര്‍വാല, ജസ്റ്റിസ് ഡി ഭരതചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച്, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പരിഗണിക്കാം എന്ന് പറഞ്ഞു. തുടര്‍വാദം ജൂണില്‍.
26-04-2024ന് വാദം കേട്ടപ്പോള്‍ ഒരു വ്യക്തിയുടെ ആരോഗ്യനില വെളിപ്പെടുത്താനാവശ്യപ്പെടുന്നത് അയാളുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാകും; നിയമപരമായ പിന്തുണയില്ലാതെ സ്ഥാനാര്‍ത്ഥികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാനാവില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ നിരഞ്ജന്‍ രാജഗോപാല്‍ കോടതിയെ അറിയിക്കുകയുണ്ടായി. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാമാജികര്‍ ശാരീരികമായി യോഗ്യരാണോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്ന നിയമം പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട് എന്നും ചൂണ്ടിക്കാട്ടി. (ശാരീരികാരോഗ്യം മാത്രം നോക്കിയാല്‍ പോര, മാനസികാരോഗ്യവും ഉറപ്പാക്കണം)
തിരഞ്ഞെടുപ്പിന് ശേഷം ഒരു ജനപ്രതിവിധിക്ക് ഗുരുതരമായ അസുഖമുണ്ടായാല്‍ അദ്ദേഹത്തിന് കൃത്യനിര്‍വഹണം സാധ്യമല്ലാതെ വരും. വോട്ടര്‍മാര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. ഹര്‍ജിക്കാരന്റെ വക്കീല്‍ വാദിച്ചു. കാലാവധിക്ക് മുമ്പേ രണ്ടാമതൊരു ഇലക്ഷന്‍ കൂടി നടത്താനുള്ള ചെലവ്. അതൊഴിവാക്കാന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി വിവരം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. അടുത്ത അഞ്ച് കൊല്ലക്കാലം ഇദ്ദേഹത്തിന് ജീവഹാനി സംഭവിക്കുകയില്ല എന്ന് ഉറപ്പാക്കാന്‍.
സ്ഥാനാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെടുത്തുമ്പോഴാണല്ലോ സ്വകാര്യതാപ്രശ്നം വരുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുമ്പോഴോ? അസംബ്ലി അംഗമായിരിക്കെ പാര്‍ലമെന്റിലേക്കും, മറിച്ചും മത്സരിക്കുക-അതും നിലവില്‍ അനുവദനീയമാണല്ലോ. അപ്പോഴും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. സ്വകാര്യതയുടെ പ്രശ്നമില്ലാതെ പരിഹരിക്കാവുന്നതാണ് ഈ ക്രമക്കേട്. എം.പി, എംഎല്‍എ ആവുക മറിച്ചും. അത് നിരോധിക്കണം.
കോടതിയുടെ അന്തിമ വിധി വരട്ടെ. ഈ പ്രശ്നം കൂടി ഉന്നയിക്കണം വീണ്ടും പരിഗണിക്കുമ്പോള്‍.
ഭാവിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നവര്‍ യമധര്‍മ്മന്റെ ‘ഗ്യാരന്റി സര്‍ട്ടിഫിക്കറ്റ്’ കൂടി ഹാജരാക്കേണ്ടി വരുമോ? കാലന്റെ ഗ്യാരന്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page