രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കെപിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

കാസർകോട്: കാസർകോട് മണ്ഡലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയിൽ വിമർശനം ഉന്നയിച്ചത്. ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റാണ് ഇപ്പോൾ ബാലകൃഷ്ണൻ പിൻവലിച്ചത്.
താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണൻ തന്റെ പോസ്റ്റിൽ വിവരിച്ചിരുന്നു. സിപിഎം നേതാവ് മണികണ്ഠനുമായി സംസാരിക്കുന്ന ഉണ്ണിത്താന്റെ ഫോട്ടോയും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കാസർകോട് ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തല്ലിക്കുന്ന വരുത്തനാണ് രാജ് മോഹൻ ഉണ്ണിത്താൻ. ഉണ്ണിത്താനു വേണ്ടി താൻ പാർടിക്ക് പുറത്തു പോകാമെന്നും ബാലകൃഷ്ണൻ പെരിയ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായിരുന്നു ബാലകൃഷ്ണൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ പോയ ഷാനവാസ് പാദൂരിന്റെ വീട്ടിൽ ഉൾപ്പെടെ ഒട്ടേറെ തവണ പോയ ആളാണ് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെപോലെയുള്ള സാധാരണ പ്രവർത്തകരെ, ഹൈക്കമാൻ്റിൻ്റ പിന്തുണയുണ്ടെന്ന പേരിൽ പുച്ഛിക്കുകയാണ്. അഹങ്കാരത്തിൻ്റെ നാവുള്ള ഉണ്ണിത്താൻ കോൺഗ്രസിൻ്റ സഹായമില്ലാതെ ജയിക്കും എന്ന് പ്രഖ്യാപിച്ചയാളാണെന്നും ബാലകൃഷ്ണൻ കുറിച്ചു. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്നും ബാലകൃഷ്ണനെയും സഹോദരനെയും പുറത്താക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ണിത്താനും കൂട്ടരും പ്രചാരണം നടത്തുന്നതിനിടയിലാണ് ബാലകൃഷ്ണൻ്റെ പരസ്യ പ്രസ്താവന.
പോസ്റ്റിന് പിന്നാലെ ബാലകൃഷ്ണൻ പെരിയയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നടന്നിരുന്നു. അതിന്റെ ഭാഗമായാണ് പോസ്റ്റ് പിൻവലിച്ചത് എന്നാണ് കരുതപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page