വിചിത്രമായ നിയമങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഫാഷന്‍, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊറിയയുടെ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിനും പ്രചരിപ്പിച്ചതിനും രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷ വിധിച്ചത് കഴിഞ്ഞ ജനുവരിയിലാണ്.
കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ നിരവധി ജനപ്രിയ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. സ്‌കിന്നി ജീന്‍സ് ഉപയോഗം മുതല്‍ ബോഡി പിയേര്‍സിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ, ഏറ്റവും ഒടുവിലായി ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്. ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാല്‍ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉന്‍ സര്‍ക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം. ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകള്‍ വളരെ ആകര്‍ഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്.
നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും.
മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉത്തരകൊറിയ സമീപ വര്‍ഷങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തര കൊറിയയുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരത്തിലുള്ള നിയമങ്ങളെന്നുമാണ് അധികൃതരുടെ വിശദീകരണം.