മനാമ: ബഹ്‌റൈനിലെ അല്‍ ലൂസിയയിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 20 ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. തീ അണയ്ക്കാന്‍ ഏഴ് അഗ്‌നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
