കണ്ണൂര്‍: ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍, ചെറുകുന്ന്, കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (22), ചെറുകുന്ന് നിരീച്ചന്‍ ജോമോന്‍ ഡൊമനിക് (22) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ടൗണിന് സമീപം ദേശീയ പാതയിലെ ആലിങ്കല്‍ തീയേറ്റേഴ്‌സിന് മുന്നിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയുടെ അരികില്‍ മദനി എന്നയാള്‍ തന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന് സമീപത്താണ് ഇയാളുടെ വീട്.
യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പത്തടിയോളം മുന്നോട്ട് നീങ്ങി ഓവുചാലിലേക്ക് മറിഞ്ഞ നിലയില്‍ കാണപ്പെട്ടു. പൊലീസ് എത്തുമ്പോഴേക്കും ബൈക്ക് ഓടിച്ചതെന്ന് കരുതുന്ന ആള്‍ ബൈക്കിന് സമീപത്തും പിറകിലെ യാത്രക്കാരനെന്നു കരുതുന്ന യുവാവ് 25 അടിയോളം ദൂരേക്ക് വീണു കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. മരണപ്പെട്ട ജോയല്‍ ജോസഫും ജോമോന്‍ ഡൊമനികും പുലര്‍ച്ചെ ഒന്നരമണിയോടെ തളിപ്പറമ്പ് ടൗണിലെ കടയില്‍ നിന്ന് ചായ കുടിച്ചതിന് ശേഷമാണ് ബൈക്കോടിച്ച് പോയതെന്ന് വിവരം ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.
