കോണ്‍ഗ്രസില്‍ വീണ്ടും ഫോട്ടോ വിവാദം: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും

കാസര്‍കോട് : കല്യോട്ടെ കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകത്തിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷവരാനിരിക്കെ കേസിലെ 13-ാം പ്രതിയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാസുരേഷും വിവാദത്തില്‍. ഇതേ വിഷയത്തില്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയയ്ക്കെതിരെ കഴിഞ്ഞ ദിവസം കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തില്‍ നിന്നും മാറ്റി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നാലെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും വിവാദത്തില്‍ പെട്ടിരിക്കുന്നത്. പെരിയ തറവാട് പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പെരിയ തറവാട്ടില്‍ എത്തിയ കല്യോട്ട് ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയുടെ കൂടെ ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷിന്റെ സന്തോഷവതിയായ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഒരു വര്‍ഷം മുമ്പാണ് പരിപാടി നടന്നത്. സംഭവം നടന്ന സമയത്തു തന്നെ പ്രവര്‍ത്തകര്‍ മേല്‍കമ്മിറ്റികളെയും നേതാക്കളെയും അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് പരാതി.
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ കൂടെയാണ് പ്രതിയായ മുന്‍ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അവിടെ എത്തിയത്. പ്രമോദിനെതിരെ നടപടി എടുത്തിട്ടുണ്ടെങ്കില്‍ സമാന രീതി എന്ന നിലയില്‍ ധന്യക്കെതിരെയും നടപടി എടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
2019 ഫെബ്രുവരി 17 നാണ് കല്ല്യോട്ടെ ഇരട്ട കൊലപാതകം നടന്നത്. സി.പി.എം, ഡിവൈഎഫ്ഐയുടെ പ്രമുഖ നേതാക്കള്‍ കേസിലെ പ്രതികളാണ്. ആദ്യ ഘട്ടത്തില്‍ കേസിലെ പ്രതികളായ നേതാക്കള്‍ക്കൊപ്പം ഒരു വേദിയും പങ്കിടാന്‍ പാടില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് നേതാക്കള്‍ അത് ചെവിക്കൊണ്ടില്ലെന്ന് പറയുന്നു.
ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ താഴെ തട്ടിലുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം പ്രതികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് നിന്നുകൊടുക്കുന്നത് ലജ്ജാവഹമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ധന്യാ സുരേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ പി സി സി പ്രസിഡണ്ടിനെ കാണാനുള്ള നീക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page