കാസര്‍കോട്: ചെറിയ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കരിവേടകത്തു നിന്ന് ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് ബുധനാഴ്ച രാത്രി 9 മണിയോടെ പുലിയെ കണ്ടത്. കാര്‍ കാനത്തൂര്‍, കോളിയടുക്കം കയറ്റം കയറുന്നതിനിടയില്‍ പുലി റോഡിന് കുറുകെ ചാടുകായിരുന്നുവെന്ന് പറയുന്നു. പയര്‍പ്പള്ളം കാട്ടിലേക്കാണ് പുലി ഓടിപ്പോയത്. വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.മുളിയാര്‍ റിസര്‍ച്ച് ഫോറസ്റ്റില്‍ പുലിയുള്ളതായി നേരത്തെ തന്നെ വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പുലി ആരെയും ആക്രമിക്കുകയോ, ശല്യമാവുകയോ ചെയ്തതായി പരാതിയില്ലാത്തതിനാല്‍ വകുപ്പ് അധികൃതര്‍ അതത്ര കാര്യമാക്കിയിരുന്നില്ല.
അതേ സമയം കാനത്തൂരിലും പരിസരങ്ങളിലും കാട്ടാനയുടെ സാന്നിധ്യം തുടരുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ രണ്ട് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
