വാഷിംഗ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന് ഗുരുതരപരിക്ക്. യു.എസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 5.15 മണി)യാണ് അപകടം. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു കെ.പി യോഹന്നാന്‍. ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ അതി വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. സര്‍ജറി വിജയകരമായി പൂര്‍ത്തിയായതായി ഡോക്ടര്‍സ് അറിയിച്ചു. നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയത്.
