കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍; പിടിയിലായത് പൊലീസിനെ വട്ടം കറക്കിയ ചെര്‍ക്കാപ്പാറ സ്വദേശി

കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍. പള്ളിക്കര, പാക്കം, ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (22) ആണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് മോഷ്ടാവാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനില്‍ വാറന്റ് നിലവിലുള്ളതായി വ്യക്തമായി. തുടര്‍ന്ന് പ്രതിയെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.
വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നും ആയുര്‍വേദ കടയില്‍ കയറി ഉടമയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷ. പ്രസ്തുത കേസുകളില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്തടുക്ക, പടുപ്പിലെ ആയുര്‍വേദ മരുന്നുകടയില്‍ കയറി കടയുടമയുടെ മാല പൊട്ടിച്ച കേസിലും ബേഡകം, ചേരിപ്പാടി നാഗത്തുങ്കാലില്‍ വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടിയ കേസിലും ഇബ്രാഹിം ബാദുഷയേയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. മടിക്കൈ, ചതുരക്കിണറില്‍ വ്യാപാരിയുടെ ഭാര്യയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചതും ഇബ്രാഹിം ബാദുഷയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. മാല മോഷണം കൂടാതെ മംഗളൂരു, കങ്കനാടി, ബന്തര്‍, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ ബൈക്കു മോഷ്ടിച്ച കേസുകളിലും ഇബ്രാഹിം ബാദുഷ പ്രതിയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page