ഗാസയിൽ വെടിനിറുത്തലിനുള്ള ഈജിപ്തിന്റെയും ഖത്തറിന്റെയും നിർദ്ദേശം സ്വീകരിച്ചതായി ഹമാസ് പ്രസ്താവിച്ചു. ഏഴ് മാസത്തോളമായി തുടരുന്ന പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിലെ വെടിനിറുത്തൽ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന്പക്ഷെ, ഹമാസ് വിശദീകരിച്ചിട്ടില്ല. റഫയിൽ നിന്ന് ഒരു ലക്ഷം പാലസ്തീനികളെ ഒഴിപ്പിക്കുമെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തലിന് മണിക്കൂറുകൾക്കുള്ളിലാണ് ഹമാസ് വെടിനിറുത്തൽ നിർദ്ദേശത്തെ പിന്തുണച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് അല്പം മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവുമായി ടെലഫോൺ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഹമാസ് വെടിനിർത്തലിനുള്ള ഈജിപ്ത് -ഖത്തർ നിർദ്ദേശത്തെ സ്വാഗതം ചെയ്തത്. ഇക്കാര്യം ഹമാസ് രാഷ്ട്രീയ ബ്യൂറോ തലവൻ ഇസ്മായിൽ ഹനയാണ് ഹമാസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഖത്തർ പ്രധാനമന്ത്രി ഷേക്ക് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽത്താനിയും ഈജിപ്ഷ്യൻ ഇന്റലിജൻസ് മിനിസ്റ്റർ അബ്ബാസ് കാമലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് ഇവർ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടു വച്ചതെന്നും ഹമാസ് അതിനു ഔദ്യോഗിക അംഗീകാരം നൽകിയതായും പ്രസ്താവനയിൽ പറഞ്ഞു
